രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് വനിതകളെ നിയമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉന്നത സ്ഥാനങ്ങളില്‍ ലിംഗ വൈവിധ്യം ലക്ഷ്യം വച്ചാണ് കമ്പനികള്‍ വനിതകളെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാനൊരുങ്ങുന്നത്. വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് വാര്‍ഷിക ശമ്പളത്തിന്റെ 25 മുതല്‍ 30 ശതമാനം വരെയാണ് കമ്പനികള്‍ കണ്‍സള്‍ട്ടിംഗ് ഫീസിനത്തില്‍ നല്‍കുന്നത്.
നല്ല വാക്ചാതുര്യവും മികച്ച മധ്യവര്ത്തിത്വവും സ്ത്രീകള്‍ക്കാണ് കൂടുതല്‍ എന്നാണ് കമ്പനികള്‍ വിലയിരുത്തുന്നത്. അതുല്യമായ ദീര്‍ഘ വീക്ഷണമുള്ളവരാണ് സ്ത്രീകള്‍. മാന്ദ്യ കാലത്ത് പുരുഷന്മാരേക്കാള് ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തത് സ്ത്രീകളാണെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ വനിതകള്‍ ജോലിക്കുണ്ടെങ്കില്‍ അതാണ് നല്ലതെന്നാണ് മിക്ക ബഹുരാഷ്ട്ര കമ്പനികളുടേയും അഭിപ്രായം.
കൂടുതല്‍ സ്ത്രീകളെ ജോലിക്കെടുക്കാനുള്ള ശ്രമങ്ങള്‍ പതുക്കെ പുരോഗമിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പ് വരെ 95:5 തോതിലായിരുന്നു സ്ഥാപനങ്ങളിലെ സ്ത്രീ-പുരുഷ അനുപാതം. കഴിഞ്ഞ വര്‍ഷം ഇത് 80:20 എന്ന നിലയിലെത്തിയിട്ടുണ്ടെന്ന് ഹ്യുമന്‍ റിസോഴ്സസ് അഡ്വൈസര്‍ ഹേമ രവിചന്ദര്‍ പറഞ്ഞു. ലിംഗ വൈവിധ്യം വളരെ പ്രധാനമാണെന്നും ബഹുരാഷ്ട്ര കമ്പനികള്‍ കൂടുതല്‍ വനിതകളെ ജോലിക്കെടുക്കാന്‍ തയ്യാറെടുക്കുകയാണെന്നും ആഡ്ആസ്ട്ര മാനേജിംഗ് ഡയറക്ടര്‍ വി ജി നിരുപമ പറഞ്ഞു.
തുല്യ ലിംഗ പരിഗണന നല്‍കാനാണ് കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നത്. സ്ത്രീകളെ ജോലിക്കെടുക്കാന്‍ മുന്‍പെങ്ങുമില്ലാത്ത ആവേശമാണ് കമ്പനികള്‍ക്ക്. വികസിത മേഖലകളെ അപേക്ഷിച്ച് ഇന്ത്യയിലെ ലിംഗ അനുപാതം വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കമ്പനികള്‍ ഇപ്പോള്‍ കൂടുതല്‍ സ്ത്രീകളെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത പത്ത് വര്‍ഷത്തിനകം ജോലിസ്ഥലത്തെ ലിംഗ വൈവിധ്യം ബഹുദൂരം മുന്നേറുമെന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.