പ്രതിരോധാത്മക സമീപനത്തെ ഇന്ത്യ എതിര്‍ക്കും

ന്യൂഡല്‍ഹി| WEBDUNIA|
പുറം ജോലിക്കരാര്‍ നല്‍കുന്ന സ്ഥാപനങ്ങളെ നികുതിയിളവുകളില്‍ നിന്ന് ഒഴിവാക്കുമെന്ന യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ പ്രഖ്യാപനത്തെ ഇന്ത്യ വിമര്‍ശിച്ചു. ഏതൊരു തരത്തിലുമുള്ള പ്രതിരോധാത്മക സമീപനങ്ങള്‍ക്കും ഇന്ത്യ എതിരാണെന്ന് സാമ്പത്തിക മന്ത്രാലയത്തിന്‍റെ ചുമതല വഹിക്കുന്ന മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

സാമ്പത്തിക മാന്ദ്യം ഐടി മേഖലയെ സാരമായി ബാധിച്ചതായി പ്രണബ് പറഞ്ഞു. ഇന്ത്യയിലെ നിരവധി ഐടി വിദഗ്ദ്ധര്‍ അമേരിക്കയില്‍ ജോലിയെടുക്കുന്നുണ്ടെന്നും ഒബാമയുടെ പുതിയ പ്രസ്താവന അവരെ ബാധിക്കുമെന്നതിനാല്‍ ഈ വിഷയം സര്‍ക്കാര്‍ ഗൌരവമായാണ് എടുക്കുന്നതെന്നും പ്രണബ് പറഞ്ഞു. നിലവിലെ പ്രതിസന്ധി ആഗോള പ്രതിഭാസമാണെന്നതിനാല്‍ രാജ്യാടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിരോധാത്മക സമീപനം ഒഴിവാക്കണമെന്ന് കഴിഞ്ഞ വര്‍ഷം നടന്ന ജി - 20 യോഗത്തില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 26ന് തന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു കൊണ്ടാണ് ഒബാമ പുറം ജോലിക്കരാര്‍ നല്‍കുന്ന സ്ഥാപനങ്ങളെ നികുതി ഇളവുകളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം സൂചിപ്പിച്ചത്. രാജ്യത്തെ മറ്റ് സ്ഥാപനങ്ങള്‍ക്ക് 95 ശതമാനത്തോളം ഇളവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആയിരത്തോളം അമേരിക്കന്‍ കമ്പനികളാണ് ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പുറം ജോലിക്കരാര്‍ നല്‍കുന്നത്. പുതിയ തീരുമാനം ഈ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :