രാജ്യത്ത് ഭീമമായ തൊഴില്‍ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ നിന്ന് കമ്പനികള്‍ പിന്മാറണമെന്ന് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു. പ്രതിസന്ധി മറികടക്കാന്‍ ശമ്പളത്തില്‍ കുറവേര്പ്പെടുത്തുന്നതു പോലെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വച്ചു.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്നും ഇന്ത്യയില്‍ മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായും സാമ്പത്തിക മന്ത്രാലയത്തിന്റെ കൂടി ചുമതലവഹിക്കുന്ന പ്രണബ് പറഞ്ഞു. ശമ്പളത്തില്‍ കുറവ് വരുത്തിയാലും ജോലി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാല്പത്തി രണ്ടാമത് ഇന്ത്യ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രണബ്.
രാജ്യത്ത് അഞ്ച് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി തൊഴില്‍ മന്ത്രി ഓസ്കര് ഫര്‍ണാണ്ടസ് പാര്‍ലമെന്റില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രണബിന്റെ ഈ പ്രസ്താവന. ഓട്ടോമൊബൈല്‍, മൈനിംഗ്, ഐടി, ടെക്സ്റ്റൈല്‍, ആഭരണ വ്യവസായം തുടങ്ങിയവയിലാണ് പ്രധാനമായും തൊഴില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. അടിസ്ഥാന സൌകര്യ വികസനത്തിനായി കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്ന് പ്രണബ് അഭിപ്രായപ്പെട്ടു. ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.