കുതിച്ചുയരുന്ന വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ പലിശ നിരക്കുകള്‍ ഇനിയും കൂട്ടേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പലിശ നിരക്കുകള്‍ വര്‍ദ്ധിക്കുമ്പോള്‍ വിപണിയില്‍ പണലഭ്യതയും ഉപഭോക്താക്കളുടെ ആവശ്യങ്ങളും കുറയും. അങ്ങനെ സാധനങ്ങളുടെ വിലവര്‍ധന തടയാമെന്നാണ് പ്രതീക്ഷ.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ച് മാസത്തില്‍ പലിശ നിരക്കുകള്‍ കാല് ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. 2010 മാര്‍ച്ചിന് ശേഷം എട്ട് തവണയാണ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയത്.
ഫെബ്രുവരി മാസം 8.31 ആയിരുന്നു പണപ്പെരുപ്പ നിരക്ക്. ഇത് ആറ് ശതമാനത്തില്‍ എത്തിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
മേയ് മൂന്നിന് നടക്കുന്ന സാമ്പത്തിക നയാവലോകനത്തില് റിസര്‍വ് ബാങ്ക് അടിസ്ഥാനപലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തുമെന്നാണ് സൂചന.
ഭക്ഷ്യസാധനങ്ങളുടെ വില കുറയാത്തതും പെട്രോളിയം ഉത്പന്നങ്ങളുടെ വില വന്‍തോതില്‍ വര്‍ദ്ധിക്കുന്നതും ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.