നിസ്സാനില്‍ 20,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും
ഹോങ്കോംഗ്|
WEBDUNIA|
ആഗോള മാന്ദ്യം രൂക്ഷമായതോടെ ജാപ്പനീസ് കമ്പനിയായ നിസ്സാന്‍ മോട്ടോഴ്സും കടുത്ത ചെലവ് ചുരുക്കല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി 20,000 ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
235,000 ജീവനക്കാരാണ് കമ്പനിയില്‍ മൊത്തമുള്ളത്. ഇതില്‍ 8.5 ശതമാനം കുറവ് വരുത്താനാണ് ഇപ്പോഴത്തെ നീക്കം. സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തില്‍ത്തന്നെ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും പ്രതിസന്ധി രൂക്ഷമായതാണ് പുതിയ തീരുമാനങ്ങളെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് ഒരു പ്രസ്തവനയില്‍ നിസ്സാന്‍ അറിയിച്ചു.
ഉപഭോക്താക്കളുടെ ആത്മവിശ്വാസം നഷ്ടമായതാണ് ഏറ്റവും വലിയ തിരിച്ചടിയായതെന്ന് കമ്പനി ചീഫ് എക്സിക്യുട്ടീവ് കാര്‍ലോസ് ഘോസിന് അഭിപ്രായപ്പെട്ടു. പണത്തിന്റെ ഒഴുക്ക് കൂട്ടുകയും അനുയോച്യമായ പ്രവര്‍ത്തനങ്ങളിലൂടെ ബിസിനസ് മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതിന് തന്നെയാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും കര്‍ലോസ് പറഞ്ഞു.
ഈ വര്‍ഷം 265 ബില്യണ്‍ യെന്നിന്റെ നഷ്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 160 ബില്യണ്‍ ലാഭ്മുണ്ടാവുമെന്നാണ് കമ്പനി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്ന് മാസത്തില്‍ മാത്രം 83.2 ബില്യണ്‍ യെന്നിന്റെ നഷ്ടമാണ് കമ്പനിയ്ക്ക് സംഭവിച്ചത്. മാര്‍ച്ച് 31 ആകുമ്പോഴേയ്ക്കും ഉല്പാദനം 787,000 യൂണിറ്റായി കുറയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി ജപ്പാനെ ഏതാണ്ട് പൂര്‍ണ്ണമായും കീഴ്പ്പെടുത്തിയെന്നതിന്റെ സൂചനയാണ് നിസ്സാന്‍ മോട്ടോഴ്സിന്റെ പുതിയ പ്രസ്താവന നല്‍കുന്നത്. രണ്ടാഴ്ചയ്ക്കിടെ ജപ്പാനിലുണ്ടായ മൂന്നാമത്തെ വലിയ തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ തീരുമാനമാണ് ഇന്നുണ്ടായത്.
ഏറ്റവും വലിയ ജാപ്പനീസ് കമ്പനികളായ ടയോട്ട, സോണി, എന്‍ഇസി, പാനസോണിക്ക് എന്നിവയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ തൊഴില്‍ക്ഷമതയില്‍ കുറവുവരുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ടയോട്ടാ മോട്ടോഴ്സിന് ഈ വര്‍ഷം 350 ബില്യണ്‍ യെന്നിന്റെ (3.8 ബില്യണ്‍ ഡോളറിന്റെ) നഷ്ടമാണ് സംഭവിച്ചത്. 1950ന് ശേഷം കമ്പനി നേരിടുന്ന ഏറ്റവു വലിയ നഷ്ടമാണിത്.