ഏറ്റവും വില കുറഞ്ഞ ഫാമിലി കാറായ നാനോ മാര്‍ച്ച് 23ന് വിപണിയിലിറക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. മുംബൈയിലായിരിക്കും ആദ്യം കാര്‍ പുറത്തിറക്കുക. ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയോടു കൂടി ബുക്കിംഗ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഒരു ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില. ആദ്യ ഒരു ലക്ഷം കാറുകളെങ്കിലും ഈ നിരക്കില്‍ വില്പന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമബംഗാളില്‍ നിന്നും കാര്‍ പദ്ധതി ഗുജറാത്തിലേക്ക് മാറ്റിയതു മൂലം കമ്പനിക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. അതിനാല്‍ കമ്പനി ആദ്യം നിശ്ചയിച്ച വിലയില്‍ മാറ്റം വരുമോ എന്ന സംശയം പലരും ഉയര്‍ത്തുന്നുണ്ട്.
2008 ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്സ്പൊയിലാണ് ആദ്യമായി നാനോ കാര്‍ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ജനീവ മോട്ടോര്‍ ഷോയിലും നാനോ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബുക്കിംഗ് രീതി സംബന്ധിച്ചും അന്തിമ വില സംബന്ധിച്ചുമുള്ള വിശദവിവരങ്ങള്‍ മാര്‍ച്ച് 23ന് നല്‍കുമെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് നാനോയുടെ ബുക്കിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തുടനീളം ബുക്കിംഗ് സൌകര്യങ്ങള്‍ ഒരുക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.