ക്വാണ്‍‌ടാസ് ഇന്ത്യ സര്‍വീസ് കുറയ്ക്കുന്നു

മെല്‍‌ബോണ്‍| WEBDUNIA|
ഓസ്ട്രേലിയന്‍ വിമാന കമ്പനിയായ ക്വാണ്‍‌ടാസ് ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള സര്‍വീസുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചു. ആഭ്യന്തര ന്യൂസിലാന്‍ഡ് സര്‍വീസുകള്‍ ജെറ്റ്സ്റ്റാറിന് കൈമാറാനും ക്വാണ്‍‌ടാസ് ഉദ്ദേശിക്കുന്നുണ്ട്.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ നിരീക്ഷിച്ചുവരികയായിരുന്നെന്ന് ക്വാണ്‍‌ടാസ് ചീഫ് എക്സിക്യുട്ടീവ് അലന്‍ ജോയ്സി പറഞ്ഞു. ആഗോള മാന്ദ്യത്തിനിടയിലും ക്വാണ്‍‌ടാസ് ഗ്രൂപ്പിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനായെങ്കിലും ലാഭകരമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതമാകുകയായിരുന്നു.

സര്‍വീസുകളില്‍ മാറ്റം വരുത്തിയെങ്കിലും ഇന്ത്യയ്ക്കും ചൈനയ്ക്കും മികച്ച സ്ഥാനമാണ് കമ്പനി നല്‍കുന്നതെന്ന് അലന്‍ പറഞ്ഞു. സിഡ്നിയില്‍ നിന്ന് ബീജിംഗിലേക്കും മെല്‍ബോണില്‍ നിന്ന് ഷാംഗായിലേക്കുമുള്ള നേരിട്ടുള്ള ഫ്ലൈറ്റുകള്‍ കമ്പനി റദ്ദാക്കും. ഓസ്ട്രേലിയയില്‍ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകളും ക്വാണ്‍‌ടാസ് നിര്‍ത്തിവയ്ക്കും. മുംബൈയിലേക്കുള്ള എല്ലാ വിമാനങ്ങളും സിംഗപൂര്‍ വഴിയായിരിക്കും സര്‍വീസ് നടത്തുക.

ന്യൂസിലാന്‍ഡില്‍ ആഭ്യന്തര സര്‍വീസുകളില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍‌മാറാനും ക്വാണ്‍‌ടാസ് തീരുമാനിച്ചിട്ടുണ്ട്. ഈ സര്‍വീസുകള്‍ ജെറ്റ്സ്റ്റാര്‍ ഏറ്റെടുക്കും. അതേസമയം ഓസ്ട്രേലിയക്കും ന്യൂസിലാന്‍ഡിനും ഇടയിലുള്ള സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :