കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അടക്കം മൂന്ന് കമ്പനികളില്‍ ഓഹരി പങ്കാളിത്വം കുറയ്ക്കാന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം തയ്യാറെടുക്കുന്നു. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഡ്രെഡ്ജിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവാണ് ഓഹരി വില്‍ക്കാനുദ്ദേശിക്കുന്ന മറ്റ് രണ്ട് കമ്പനികള്‍. സര്‍ക്കാര്‍ കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് നീക്കം.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനായി ഒരു പ്രൊപ്പോസല്‍ ലഭിച്ചതായി ഷിപ്പിംഗ് മന്ത്രാലയം സെക്രട്ടറി കെ മോഹന്‍ദാസ് പറഞ്ഞു. പബ്ലിക് ഓഫര്‍ വഴി പത്ത് ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് ഷിപ്പിംഗ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഓഹരികള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം അന്തിമ തീരുമാനം സ്വീകരിക്കും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്‍റെ ഓഹരികളുടെ വില്‍പനയാണ് ആദ്യം നടക്കുക. എന്നാല്‍, ഇതിന് കൃത്യമായ സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ആറ് മുതല്‍ ഒന്‍പത് മാസം വരെയാണ് സര്‍ക്കാരിന്‍റെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ നടക്കുന്നത്. ഈ കാലയളവില്‍ ഷിപ്പിംഗ് കമ്പനികളുടെ ഓഹരികളും വില്‍ക്കും. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 80.12 ശതമാനവും ഡ്രെഡ്ജിംഗ് കോര്‍പ്പറേഷനില്‍ 78.56 ശതമാനം ഓഹരികളുമാണ് സര്‍ക്കാരിനുള്ളത്.