കേബിള്‍ ഷിപ്പ് തീരം വിടുന്നു: കേബിള്‍ മുറിഞ്ഞാല്‍ ബിഎസ്എന്‍എല്‍ ഉള്‍പ്പടെ നിലയ്ക്കും
കൊച്ചി|
WEBDUNIA|
PRO
ബിഎസ്എന്‍എലും ഇന്റര്‍നെറ്റും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവരവിനിമയ സംവിധാനത്തെ പ്രതിസന്ധിയിലാക്കി ആഗോള സമുദ്രാന്തര കേബിള്‍ ശൃംഖലയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കേബിള്‍ഷിപ്പ് ഇന്ത്യന്‍തീരം വിടാനൊരുങ്ങുന്നു.
നികുതിയായി 10 കോടിയോളം നല്‍കണമെന്ന ആവശ്യം കസ്‌റ്റംസ് ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണു 2003 മുതല്‍ കൊച്ചിയില്‍ നങ്കൂരമിട്ടിരിക്കുന്ന സിങ്കപ്പുര്‍ ആസ്‌ഥാനമായ കമ്പനിയുടെ'ആസിയാന്‍ എസ്‌പോറര്‍' എന്ന കേബിള്‍ഷിപ്പ് തീരം വിടാന്‍ ആലോചിക്കുന്നത്.
ആസിയാന്‍ രാജ്യങ്ങളും ഇതര രാജ്യങ്ങളുമായുള്ള വിവരവിനിമയത്തിനായുള്ള ഇന്ത്യയുടെ ഏക മാര്‍ഗമായ സമുദ്രാന്തര കേബില്‍ ശൃംഖലയുടെ പരിപാലനമാണ് ആസിയാന്‍ എസ്‌പോററിന്റെ ദൗത്യം.
ആഫ്രിക്കയിലെ ജിബോട്ടി, ഓസ്‌ട്രേലിയയിലെ പെര്‍ത്ത്, ശാന്ത സമുദ്രത്തിലെ ഗുവാം ദ്വീപ്, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള കേബിള്‍ ബന്ധമാണു സ്‌റ്റാന്‍ഡ് ബൈ കപ്പലുകള്‍ പരിപാലിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കടലിനടിയില്‍ കേബിള്‍ മുറിഞ്ഞാല്‍ ഉടനടി ബന്ധം പുനഃസ്‌ഥാപിക്കുകയാണു കൊച്ചി തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ബിഎസ്‌എന്‍എല്‍ ഉള്‍പ്പടെ എല്ലാവരും ഉപയോഗിക്കുന്നതും ഇതേ കേബിള്‍ ശൃംഖല തന്നെയാണ്.