ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഐഫോണിന്റെ നാലാം പതിപ്പ് വില്‍പ്പന റെക്കോര്‍ഡിലെത്തി. പുറത്തിറങ്ങി ആദ്യ മൂന്നു ദിവസത്തില്‍ 17 ലക്ഷം സെറ്റുകളാണ് വില്‍പ്പന നടത്തിയത്. ഇതിനു മുമ്പ് വിപണിയിലെത്തിയ ഐഫോണ്‍ ത്രിജിഎസ്, ഐഫോണ്‍ ത്രീജി എന്നിവ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ പത്ത് ലക്ഷമാണ് വില്‍പ്പന നടത്തിയത്. ആദ്യ ഐഫോണ്‍ സെറ്റ് പുറത്തിറങ്ങി 74 ദിവസങ്ങള്‍ കൊണ്ടാണ് പത്ത് ലക്ഷം വില്‍പ്പന നടത്തിയത്.
ഐഫോണിന്റെ നാലാം പതിപ്പ് സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡാഫോണിന്റെയും എയര്‍ടെല്ലിന്റെയും സഹകരണത്തോടെയായിരിക്കും ഐഫോണ്‍ നാല് വില്‍പ്പന നടക്കുക.
ജൂണ്‍ ഏഴിന് സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ സി ഇ ഒ സ്റ്റീവ് ജോബ്സാണ് ഐഫോണ്‍ നാലാം പതിപ്പ് പുറത്തിറക്കിയത്. ഐഫോണിന്റെ മുന്‍പതിപ്പുകളില്‍ നിന്ന് ഏറെ വ്യത്യസ്തകളോടു കൂടി പുറത്തിറക്കിയ നാലാം പതിപ്പിന് അമേരിക്കയില്‍ വന്‍ ജനപ്രീതിയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
ഐഫോണ്‍ നാലിന് ഇന്ത്യയില്‍ വലിയ വില തന്നെ നല്‍കേണ്ടിവരുമെന്നാണ് വിപണി നല്കുന്ന സൂചന. അമേരിക്കയില്‍ 16 ജി ബി സെറ്റിന് 199 ഡോളര്‍ നല്‍കേണ്ടി വരുമ്പോള്‍ ഇന്ത്യയില്‍ 35,000 രൂപ വിലവരുമെന്നാണ് കരുതുന്നത്. 32 ജി ബി മോഡലിന് 40,000 രൂപയും വരും.
രൂപകല്‍പ്പനയില്‍ മുന്നിട്ടുനില്ക്കുന്ന ഐഫോണ്‍ നാലിന് വേഗമേറിയ പ്രോസസര്‍, മള്‍ട്ടിടാസ്കിംഗ് സാധ്യമാക്കുന്ന പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റം, ഉന്നത റസല്യൂഷനുള്ള സ്ക്രീന്‍, മികച്ച ക്യാമറ, ഹൈഡെഫിനിഷന്‍ വീഡിയോ റിക്കോര്‍ഡിംഗ് സേവനങ്ങള്‍ ലഭ്യമാണ്. 2007ലാണ് ആപ്പിള്‍ ആദ്യമായി ഐഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്.