ഐടി@സ്കൂള്‍: HCL-ന് കരാര്‍ ലഭിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി @ സ്കൂള്‍ പ്രൊജക്റ്റിനാവശ്യമായ ലാപ്ടോപ്പുകള്‍ ലഭ്യമാക്കുന്നതിനുള്ള കരാര്‍ പ്രമുഖ ഐടി കമ്പനിയായ എച്ച് സി എല്ലിന്. 6,500 ഓളം ലാപ്ടോപ്പുകളും നെറ്റ്ബുക്കുകളും ലഭ്യമാക്കുന്നതിനുള്ള കരാറാണ് കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷനില്‍ (കെല്‍ട്രോണ്‍) നിന്ന് എച്ച് സി എല്‍ നേടിയത്. ഐടി @ സ്കൂള്‍ പ്രൊജക്റ്റിന്‍റെ നോഡല്‍ ഏജന്‍സി കെല്‍ട്രോണാണ്.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുയോജ്യമായ മികച്ച എച്ച് സി എല്‍ എംഇ ലാപ്ടോപ്പുകളാണ് സ്കൂളുകള്‍ക്ക് നല്‍കുകയെന്ന് എച്ച് സി എല്‍ ഇന്‍ഫോ സിസ്റ്റംസ് പ്രസിഡന്‍റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ജെ വി രാമമൂര്‍ത്തി പറഞ്ഞു.ലാപ്ടോപ്പുകളുടെ വില്‍പനാനന്തര സേവനവും കമ്പനി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടിംഗ്‌, നെറ്റ്‌വര്‍ക്കിംഗ്‌, ടെലികോം തുടങ്ങി വിവിധ മേഖലകളില്‍ സേവനമനുഷ്‌ഠിക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ്‌ എച്ച്‌ സി എല്‍ ഇന്‍ഫോസിസ്‌റ്റംസ്‌. ആപ്പിള്‍, സിസ്‌കോ, എറിക്‌സണ്‍, കൊഡാക്‌, മൈക്രോസോഫ്‌ട്‌, നോകിയ തുടങ്ങി നിരവധി പ്രമുഖ ആഗോള ബ്രാന്‍ഡുകളുടെ രാജ്യത്തെ ഏറ്റവും വലിയ റീടെയില്‍ ശൃംഖലയും എച്ച്‌ സി എലിന്റേതാണ്‌. എച്ച്‌ സി എല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സെന്റര്‍ സ്ഥാപിക്കുന്നതിനായി അടുത്തിടെ കമ്പനിയും ടെക്നോപാര്‍ക്കും ധാരണയായിരുന്നു. ടെക്‌നോപാര്‍ക്കിലെ രണ്ട്‌ ഏക്കര്‍ സ്ഥലത്താണ് എച്ച്‌ സി എല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സെന്റര്‍ ആരംഭിക്കുക.

വിദ്യാഭ്യാസത്തില്‍ ഐടിക്ക് പ്രാധാന്യം നല്‍കുന്നതിനായി സംസ്ഥാനത്തെ 8,000ത്തിലധികം സ്കൂളുകളിലാണ് സര്‍ക്കാര്‍ ഐടി @ സ്കൂള്‍ പദ്ധതി നടപ്പാക്കുന്നത്. അഞ്ചു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :