എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം. ഈ സംവിധാനമേര്‍പ്പെടുത്തുന്ന ആദ്യ ചെലവു കുറഞ്ഞ വിമാന സര്‍വീസായി ഇതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ്. കൊച്ചിയില്‍ നിന്നുമുള്ള സര്‍വീസുകളിലാണ് ഇന്നലെ മുതല്‍ ഭക്ഷണം നല്കിത്തുടങ്ങിയത്.
ദിവസം മൂന്ന് നേരവും ഭക്ഷണം ലഭിയ്ക്കും. ഉപ്പുമാവ്, കടലക്കറി, ഇഡ്ഡലി, വട, ഊത്തപ്പം തുടങ്ങിയവയാണ് പ്രഭാത ഭക്ഷണമായി നല്‍കുക. ഉച്ചയ്ക്കും രാത്രിയിലും വെജിറ്റബിള്‍ പുലാവ്, വെജിറ്റബിള്‍ ബിരിയാണി, ജീരപുലാവ്, വെജിറ്റബിള്‍ കുറുമ തുടങ്ങിയവ വിളമ്പും. കൂടാതെ ഫ്രൂട്ട്കേക്ക്, ഫ്രൂട്ടി, ചായ, കാപ്പി, മിനറല്‍ വാട്ടര്‍ എന്നിവയും ഉണ്ടാകും.
ഭക്ഷണ വിതരണം സംബന്ധിച്ച് എയര്‍ ഇന്ത്യ നേരത്തെ യാത്രക്കാര്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനമെന്നറിയുന്നു.