ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 19 ജനുവരി 2010 (10:50 IST)
PRO
ജനപ്രിയ വാഹനങ്ങളുടെ നിര്‍മ്മാതാക്കളെന്ന് പേരെടുത്ത മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റിലും ആവശ്യക്കാരേറെ. വിവരങ്ങള്‍ വിരല്‍തുമ്പിലെത്തിക്കുന്ന ഇന്‍റര്‍നെറ്റില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവുമധികം പരതിയ വാഹനങ്ങള്‍ മാരുതിയുടേതാണ്. ലോകത്തെ മുന്‍നിര ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനുകളിലൊന്നായ ഗൂഗിളിന്‍റെ ഇന്ത്യാ ഘടകം ആണ് ഇക്കാര്യം അറിയിച്ചത്.
വാഹനങ്ങള്‍ വാങ്ങുന്നതില്‍ ഇന്‍റര്‍നെറ്റിന്‍റെ പങ്ക് എന്ന വിഷയം സംബന്ധിച്ച് നടത്തിയ ഒരു പഠനത്തിനൊടുവിലാണ് ഗൂഗിളിന്‍റെ വെളിപ്പെടുത്തല്‍. പഠനത്തിന്‍റെ ഭാഗമായി നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത അമ്പത്തിയാറ് ശതമാനം ആളുകളാണ് വാഹനം വാങ്ങും മുമ്പ് മാരുതി സുസുക്കി വാഹനങ്ങളുടെ വിവരങ്ങള്‍ക്കായി ഇന്‍റര്‍നെറ്റില്‍ പരതാറുണ്ടെന്ന് പറഞ്ഞത്.
ആഡംബര കാറുകളുടെ നിര്‍മ്മാതാക്കളായ ഹോണ്ടയ്ക്കാണ് രണ്ടാം സ്ഥാനം. സര്‍വ്വെയില്‍ പങ്കെടുത്ത നാല്‍പത്തിയാറു ശതമനം ആളുകളാണ് ഹോണ്ട വാഹനങ്ങളുടെ ഗുണഗണങ്ങള്‍ തേടി ഇന്‍റര്‍നെറ്റില്‍ പരതിയെന്ന് വ്യക്തമാക്കിയത്. നാല്‍പത്തിമൂന്ന് ശതമാനം ആളുകള്‍ ടാറ്റ വാഹനങ്ങള്‍ തേടിയും ഇന്‍റര്‍നെറ്റില്‍ എത്തുന്നുണ്ട്. ഹ്യുണ്ടായിയും ഫോര്‍ഡും ടൊയോട്ടയും ഒക്കെയാണ് സെര്‍ച്ചിംഗ് ലോകത്ത് പിന്നാലെ അണിനിരക്കുന്ന കമ്പനികള്‍.
ബ്രാന്‍ഡ് നെയിമിനും മോഡലിനുമാണ് സെര്‍ച്ചിംഗില്‍ ആളുകള്‍ നല്‍കുന്ന പ്രഥമ പരിഗണന. എണ്‍പത്തിയൊന്ന് ശതമാനം ആളുകളാണ് ബ്രാന്‍ഡ് നെയിമിലെ പ്രസിദ്ധിക്ക് സെര്‍ച്ചിംഗില്‍ മുന്‍ഗണന കൊടുക്കുന്നത്.