ഇന്ത്യന്‍ സ്റ്റോക്ക് തകര്‍ച്ചയുടെ പടുകുഴിയില്‍

കൊച്ചി| WEBDUNIA|
PRO
സെന്‍സെക്സ് ആറാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് തിങ്കളാഴ്ച കൂപ്പുകുത്തിയത് വിപണിയില്‍ ഉയര്‍ത്തിയിരിക്കുന്നത് വലിയ ആശങ്കകളാണ്. വരും ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ കൂടുതല്‍ രക്തം ചിന്തുമെന്ന് ‘ബ്ലാക്ക് മണ്‍‌ഡേ’ ചില സൂചനകള്‍ തരുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഓഹരി വിപണി താഴോട്ട് പോകുന്നത്. ഈ അഞ്ചുദിവസങ്ങളില്‍ നിക്ഷേപകര്‍ ചിന്തിയതാകട്ടെ 5 ലക്ഷം കോടി രൂപയും.

വിദേശ നിക്ഷേപകരുടെ മടങ്ങിപോക്കും വായ്‌പാ പലിശ വര്‍ധനയെക്കുറിച്ചുള്ള ആശങ്കകളുമാണ് ഓഹരി വിപണിക്ക് ആഘാതം ഏല്‍‌പിച്ചത്. പരിഭ്രാന്തരായ നിക്ഷേപകര്‍ മത്സരിച്ച്‌ ഓഹരികള്‍ വിറ്റുമാറുകയാണ്. നാണയപ്പെരുപ്പം രൂക്ഷമാകുന്നതു കണക്കിലെടുത്ത്‌ റിസര്‍വ്‌ ബാങ്ക്‌ മുഖ്യ പലിശ നിരക്ക്‌ അര ശതമാനം വരെ ഉയര്‍ത്തുമെന്ന് വാര്‍ത്തകളുണ്ട്. പലിശ നിരക്ക്‌ ഉയരുന്നതോടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ വളര്‍ച്ച പിന്നോട്ടടിക്കും എന്ന് വിലയിരുത്തുന്ന വിദേശ നിക്ഷേപകര്‍ ഓഹരികളില്‍ നിന്നും പണം പിന്‍വലിച്ച് കൊണ്ടിരിക്കുകയാണ്.

തിങ്കളാഴ്ച സന്‍‌സെക്സില്‍ ഉണ്ടായ ഇടിവ് 467.69 പോയിന്റാണ്. വിപണി ക്ലോസുചെയ്തത് 19,224.12 പോയിന്റില്‍. കഴിഞ്ഞവര്‍ഷം നവംബര്‍ 26നാണ് ഇതിനു മുന്‍പ് ഈ നിലയില്‍ സൂചികയെത്തിയത്. കഴിഞ്ഞ അഞ്ചു സെഷനുകളിലായി സെന്‍സെക്സിനു നഷ്ടം 1,337 പോയിന്‍റ്. ഇക്കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ നിക്ഷേപകരുടെ ആസ്‌തിയില്‍ അഞ്ച്‌ ലക്ഷം കോടി രൂപയുടെ കുറവുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. കാപ്പിറ്റല്‍ ഗുഡ്‌സ്‌, എണ്ണ, പ്രകൃതിവാതകം, ധനകാര്യം, മെറ്റല്‍, റിയല്‍ എസ്റ്റേറ്റ്‌ മേഖലകളിലെ ഓഹരികളാണ്‌ വന്‍ തകര്‍ച്ച നേരിടുന്നത്.

ഓഹരി വിപണിയിലെ തകര്‍ച്ച ഇന്ത്യന്‍ രൂപയ്ക്കും തിരിച്ചടിയായി. വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍‌വലിച്ചതാണ് രൂപയുടെ മൂല്യം കുറയാന്‍ കാരണമെന്ന്‌ വിലയിരുത്തുന്നു. തിങ്കളാഴ്ച അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 45.45 ലേക്ക്‌ താഴ്‌ന്നു. മൂന്നാഴ്ചകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. കഴിഞ്ഞ വര്‍ഷം 4.1 ശതമാനം നേട്ടമുണ്ടാക്കിയതിനുശേഷമാണ്‌ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :