മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2007 (11:30 IST)
റിസര്‍വ് ബാങ്ക് വായ്പാ നയം ഒക്‍ടോബര്‍ 30 ചൊവ്വാഴ്ച പ്രഖ്യാപിക്കും. വായ്പാ നയത്തില്‍ വായ്പകള്‍ക്കുള്ള പലിശ നിരക്കുകള്‍ കുറയുമെന്നും കൂടുമെന്നും ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പലിശ നിരക്ക് കുറഞ്ഞാല്‍ മാത്രമേ നിലവിലെ വാഹന, ഭവന വായ്പാ മേഖലയില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തിന് അവസാനമുണ്ടാവൂ എന്നാണ് ധനകാര്യ വൃത്തങ്ങള്‍ വിശകലനം ചെയ്യുന്നത്. അതേ സമയം വായ്പകള്‍ക്കുള്ള പലിശ നിരക്ക് കൂടാനും ഇടയുടെന്ന് ചില കേന്ദ്രങ്ങള്‍ പറയുന്നു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഇനിയും അര ശതമാനം കണ്ട് കുറച്ചേക്കും എന്ന പ്രതീക്ഷയില്‍ ആഗോള തലത്തില്‍ തന്നെ ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ മികച്ച ഉണര്‍വാണുണ്ടായിരിക്കുന്നത്. 2007 സെപ്തംബര്‍ പതിനൊന്നിന് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ 0.5 ശതമാനം കുറവു വരുത്തിയിരുന്നു.
രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് 5 ശതമാനം എന്ന ശരാശരിയില്‍ നിലനിര്‍ത്തണമെന്നായിരുന്നു റിസര്‍വ് ബാങ്ക് കരുതിയത്. എന്നാല്‍ നിലവില്‍ പണപ്പെരുപ്പ നിരക്ക് 3.07 ശതമാനം എന്ന താഴ്ന്ന നിലയിലാണുള്ളത്. പക്ഷെ, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി നോക്കുമ്പോള്‍ നാണ്യപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിനു മുകളിലെത്തും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധമതം.
ഇക്കാരണങ്ങള്‍ നിരത്തി നിലവിലെ പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് ആവില്ലെന്നാണ് ഇവരുടെ വാദം. പക്ഷെ പലിശ നിരക്ക് ഇനിയും വര്‍ദ്ധിപ്പിക്കുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തിനു പൊതുവേ ഗുണകരമാവില്ല എന്ന നിലപാടാണ് നിലവില്‍ സര്‍ക്കാരിനുള്ളത് എന്ന് അറിയുന്നു. അതുകൊണ്ട് പലിശ നിരക്കില്‍ മാറ്റമുണ്ടാവാനുള്ള സാധ്യത വളരെ കുറവായിരിക്കും.
ആഭ്യന്തര ഓഹരി വിപണിയില്‍ വിദേശ ധനത്തിന്‍റെ ഒഴുക്ക് അനുസ്യൂതം തുടരുന്നത് ഓഹരി വിപണിയെ പൊതുവേ മികച്ച ഉയരത്തില്‍ എത്തിച്ചിരിക്കുകയാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ട് ഉപയോഗിച്ച് ഓഹരി വ്യാപാരം നടത്തുനതില്‍ സെബി ഏര്‍പ്പെടുത്തിയ നിയന്ത്രണം വിപണിയില്‍ എത്രമാത്രം വിജയമാവും എന്നതും നിരീക്ഷണത്തിലാണിപ്പോള്‍.
വിദേശധനത്തിന്‍റെ ഒഴുക്ക് വര്‍ദ്ധിക്കുന്നതോടെ രൂപയുടെ വിനിമയ നിരക്കിലെ തുടര്‍ച്ചയായ ഉയര്‍ച്ച കയറ്റുമതിയെ സാരമായി ബാധിച്ചേക്കും എന്നും അരോപണമുണ്ട്. ഇതൊക്കെ പരിഗണിച്ചായിരിക്കും റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിക്കുന്നതെന്ന് കരുതുന്നു.
ഓഹരി വിപണിയിലെ നിക്ഷേപ വര്‍ദ്ധനക്ക് ആനുപാതികമായി വാണിജ്യ ബാങ്കുകള്‍ക്കുള്ള കരുതല്‍ ധനം അഥവാ സി.ആര്‍.ആര്‍ 0.5 ശതമാനം നിരക്ക് വരെ വര്‍ദ്ധിപ്പിക്കേണ്ടി വരാനും സാധ്യതയുണ്ട്.
ഇത്തരത്തില്‍ വര്‍ദ്ധനയുണ്ടായാല്‍ ബാങ്കുകള്‍ നല്‍കുന്ന വാഹന വായ്പ, ഗൃഹനിര്‍മ്മാണ വായ്പ, വ്യക്തിഗത വായ്പ, മറ്റ് ഉപഭോക്തൃ വായ്പകള്‍ എന്നിവയുടെ നിര്‍ക്ക് വീണ്ടും വര്‍ധിക്കാനിടയാക്കും. ഇത് ഫലത്തില്‍ ഈ രംഗത്ത് മാന്ദ്യത്തിനു കാരണമായേക്കും.
2007 ജൂലൈയില്‍ ആര്‍.ബി.ഐ സി.ആര്‍.ആര്‍ നിരക്ക് 0.5 ശതമാനം കണ്ട് വര്‍ധിപ്പിച്ചപ്പോള്‍ തന്നെ ബാങ്കുകളുടെ പണലഭ്യത ഗണ്യമായി കുറയാനിടയാക്കി. ഏകദേശം 15,000 കോടി രൂപയുടെ പണലഭ്യതക്കുറവാണ് ബാങ്കിംഗ് മേഖലയില്‍ ഉണ്ടായത്.