ഇത്തവണത്തെ പൊതു ബജറ്റില്‍ ആദായ നികുതി ഇളവിന്റെ പരിധി കൂട്ടാന്‍ മന്ത്രി പ്രണബ് മുഖര്‍ജി തയ്യാറായേക്കും. നിലവില്‍ 1,60,000 രൂപയ്ക്കു വരെയാണ് നികുതിയില്ലാത്തത്. എന്നാല്‍ ഇത് രണ്ടു ലക്ഷം രൂപ വരെ ഉയര്‍ത്താനാണ് സാധ്യത കാണുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 2011 ഏപ്രില്‍ ഒന്നു മുതല്‍ പ്രത്യക്ഷ നികുതി ചട്ടം (ഡയറക്ട് ടാക്സ് കോഡ്) നടപ്പില്‍ വരും എന്നായിരുന്നു പ്രണബ് മുഖര്‍ജി പറഞ്ഞത്. ഇതു വരുമ്പോള്‍ നിലവിലുള്ള ആദായ നികുതി നിയമം ഇല്ലാതാകും. ആദായ നികുതി ഇളവിന്റെ പരിധി കൂട്ടും എന്നു വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ 2011 - 2012 വര്‍ഷത്തെ പൊതു ബജറ്റ് ഫെബ്രുവരി 28നാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. പശ്ചിമ ബംഗാള്‍, കേരളം, തമിഴ്നാട് എന്നിവിടങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കേ ജനപ്രിയ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റാണ് പ്രതീക്ഷിക്കുന്നത്. മധ്യവര്‍ഗക്കാരുടെ പ്രീതി സമ്പാദിക്കുന്നതിനായുള്ള വ്യവസ്ഥകള്‍ക്കും മുന്‍ഗണന നല്‍കും. ആദായ നികുതി ഇളവിന്റെ പരിധി കൂട്ടുന്നതും ഇത് ലക്ഷ്യം വച്ചു തന്നെയാണ്.
വിലക്കയറ്റം, നാണയപ്പെരുപ്പം, എണ്ണ വില വര്‍ദ്ധന തുടങ്ങിയവ രാജ്യത്തിനെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. വിലക്കയറ്റം പിടിച്ചു കെട്ടാനുള്ള നടപടികളിലൂടെ നിലവിലെ അഴിമതി ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനും സര്‍ക്കാര്‍ ശ്രമിക്കും എന്നാണ് സൂചന.
വിദേശരാജ്യങ്ങള്‍ക്ക് സേവനം നല്കുന്ന സോഫ്റ്റ്വെയര് കമ്പനികള്‍ക്കു ഐടി ആക്ട് പ്രകാരം ലഭിക്കുന്ന നികുതി ഇളവ് തുടര്‍ന്നേക്കും. എന്നാല്‍ അതിന് ഒരു പുതിയ നിബന്ധന ബജറ്റിലൂടെ കൊണ്ടുവരും എന്നാണ് കരുതപ്പെടുന്നത്. വിമാനയാത്രാ നികുതി പരിഷ്കരിക്കുതിന്റെ ഭാഗമായി യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സേവന നികുതിയില്‍ ചില മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.
കയറ്റുമതിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാമെങ്കിലും കയറ്റുമതിക്കുള്ള സബ്സിഡി നിലനില്ക്കാന് സാധ്യതയില്ല. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സേവന നികുതി വ്യാപിപ്പിക്കാനുള്ള ആലോചനയും നിലവിലുണ്ട്.
ഇക്കൊല്ലത്തെ ബജറ്റില്‍ ചരക്ക് സേവന നികുതി നടപ്പാക്കുന്നതു സംബന്ധിച്ച തീയതിയുടെ പ്രഖ്യാപനം ഉണ്ടാവും. ജനറല്‍ സെയില്‍സ് ടാക്സ് എന്ന ചരക്കു സേവന നികുതി രാജ്യത്തു നടപ്പാക്കാന്‍ 2006-ലെ ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്.
അതുപോലെ പ്രത്യക്ഷ നികുതി നിരക്കിലും പരോക്ഷ നികുതി നിരക്കിലും സേവന നികുതിയിലും ചില മാറ്റങ്ങള്‍ ഇത്തവണ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി കൊണ്ടുവരുന്നുമുണ്ട്. നെയ്ത്തു ജോലിക്കാര്‍ക്കുള്ള കടാശ്വാസ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചേക്കും. എക്സൈസ് നികുതിയും സേവന നികുതിയും സംയോജിപ്പിക്കാനുള്ള തീരുമാനമുണ്ടാകുമെന്നും കരുതുന്നു.