സജിത്ത്|
Last Modified ശനി, 4 നവംബര്‍ 2017 (15:33 IST)
ഉപയോക്താകള്‍ക്ക് വന്‍ തിരിച്ചടി നല്കി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷന്‍സ്. ഡിസംബര്‍ ഒന്ന് മുതല്‍ ആര്‍കോമിന്റെ മൊബൈല്‍ നമ്പര്‍ ഉപയോക്താകള്‍ക്ക് വോയ്സ് കോളുകള്‍ ലഭ്യമാവില്ലെന്ന് കമ്പനി അറിയിച്ചു. ഇക്കാര്യംസംബന്ധിച്ച് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം പുറത്തിറക്കുകയും ചെയ്തു. അടുത്ത മാസത്തോടെ പുതിയ നെറ്റ്വർക്കിലേക്കു മാറണമെന്നും നിർദേശത്തിൽ പറയുന്നു.
നിലവില്‍ രാജ്യത്ത് എട്ട് ടെലികോം സര്‍ക്കിളുകളിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 2 ജി, 4 ജി സേവനങ്ങള്‍ നല്‍കുന്നത്. മഹാരാഷ്ട്ര, യു.പി, ആന്ധ്രപ്രദേശ്, ഹരിയാന, തമിഴ്നാട്, കര്‍ണാടക, കേരള എന്നിവിടങ്ങളില്‍ മാത്രമേ കമ്പനിക്ക് ടെലികോം ലൈസന്‍സുള്ളൂ.
അതേസമയം, വോയിസ് കോളുകള്‍ അവസാനിച്ചാലും ഡിസംബര്‍ ഒന്നിന് ശേഷം 4ജി ഡാറ്റയുടെ സേവനങ്ങള്‍ തുടരുമെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന് തയ്യാറെടുക്കുന്നില്ലെങ്കില്‍ പോര്‍ട്ടബിലിറ്റി പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ഫോണ്‍ മാറ്റണമെന്നും കമ്പനി അറിയിച്ചു
മുകേഷ് അംബാനിയുടെ ജിയോയുടെ കടന്നുകയറ്റത്തോടേയാണ് ആര്‍കോം നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. കമ്പനിയുടെ മൊത്തം കടം 46,000 കോടിയായതോടെയാണ് മൊബൈല്‍ വ്യാപാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നിരവധിയാളുകള്‍ക്കാണ് തൊഴില്‍ നഷ്ടമാകാന്‍ പോകുന്നത്.