ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ കറുത്ത തിങ്കളില്‍ ഞെരിഞ്ഞു തകര്‍ന്നെങ്കിലും ചൊവ്വാഴ്ച രാവിലെ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 92 പോയിന്റ് തിരിച്ചുവരവ് നടത്തി.
തിങ്കളാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 961 പോയിന്റ് നഷ്ടത്തിലായിരുന്നു. മുംബൈ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തകര്‍ച്ചയായിരുന്നു മാര്‍ച്ച് 17 തിങ്കളാഴ്ചയുണ്ടായത്.
എന്നാല്‍ ചൊവ്വാഴ്ച രാവിലെ സെന്‍സെക്സ് 92 പോയിന്റ് വര്‍ദ്ധിച്ച് 14,902 എന്ന നിലയിലേക്കുയര്‍ന്നു. ഇതിന് ആനുപാതികമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 48 പോയിന്റ് വര്‍ദ്ധിച്ച് 4,551 എന്ന നിലയിലേക്കുയര്‍ന്നു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിര്ക്ക് 0.25 ശതമാനം കണ്ട് കുറച്ചത് ആഗോള ഓഹരി വിപണിയില്‍ ഒരളവ് തിരിച്ചുവരവിനുള്ള സൂചനയാണ് നല്‍കിയിരിക്കുന്നത്. ഇതാണ് ചൊവ്വാഴ്ച രാവിലെ വിപണിയില്‍ മുന്നേറ്റമുണ്ടാവാന്‍ കാരണമെന്ന് ഓഹര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ഡി.എല്‍.എഫ് ഓഹരി വില 2.5 ശതമാനവും ഭാരതി എയര്‍ടെല്‍, എന്‍.റ്റി.പി.സി എന്നിവയുടെ ഓഹരി വില 2 ശതമാനം വീതം വര്‍ദ്ധിച്ചു. മാരുതി സുസുക്കി ഓഹരി വിലയാവട്ടെ 1.5 ശതമാനവും എല്‍ ആന്റ് ടി ഓഹരി വില 1.3 ശതമാനവും വര്‍ദ്ധിച്ചു.
അതേ സമയം എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി എന്നിവയുടെ ഓഹരി വില ഓരോ ശതമാനം വീതം കുറയുകയാണുണ്ടായത്. ഇതിനൊപ്പം ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരി വില രണ്ട് ശതമാനവും മഹീന്ദ്ര യുണൈറ്റഡ് ഓഹരി വില 1.5 ശതമാനത്തിലേറെയും ടാറ്റാ മോട്ടേഴ്സ് ഓഹരി വില ഒരു ശതമാനവും കുറഞ്ഞു.