വിപണിയില്‍ വീണ്ടും ഉണര്‍വ്

മുംബൈ| WEBDUNIA| Last Modified വ്യാഴം, 29 ഏപ്രില്‍ 2010 (10:05 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വിന്റെ ദിനം. കഴിഞ്ഞ ദിവസം നഷ്ടത്തോടെ വ്യാപാരം നിര്‍ത്തിയ വിപണികളെല്ലാം വ്യാഴാഴ്ച തുടക്കത്തില്‍ തന്നെ മികച്ച നേട്ടം കൈവരിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 79.04 പോയിന്റ് നേട്ടത്തോടെ 17,459.12 എന്ന നിലയിലെത്തി. വ്യാപാരം തുടങ്ങിയ ഉടനെ സെന്‍സെക്സ് സൂചിക 17,479 വരെ എത്തിയിരുന്നു.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 26.05 പോയിന്റ് ഉയര്‍ന്ന് 5241.50 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. റിയാലിറ്റി, ഓട്ടോ ഓഹരികളുടെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രകടമായിരിക്കുന്നത്.

യു എസ്, ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും ആഭ്യന്തര വിപണിയുടെ മുന്നേറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. ഡൌജോണ്‍സ് 53.28 പോയിന്റ് നേട്ടം കൈവരിച്ചപ്പോള്‍ നസ്ദാക് സൂചികയും നേരിയ മുന്നേറ്റം നടത്തി. സെന്‍സെക്സിലെ മുപ്പത് ഓഹരികളില്‍ 25 എണ്ണവും മുന്നേറ്റത്തിലാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ സ്റ്റീല്‍, എച്ച് ഡി എഫ് സി, സ്റ്റെര്‍ലൈറ്റ് എന്നീ ഓഹരികള്‍ തുടക്ക വ്യാപാരത്തില്‍ തന്നെ മുന്നേറ്റം നടത്തി. എന്നാല്‍, ഐ ടി സി, ഒ എന്‍ ജി സി, എച്ച് യു എല്‍ ഓഹരികള്‍ താഴോട്ടുപോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :