ഓഹരിവിപണിയും രൂപയും ഉയര്‍ത്തെഴുന്നേറ്റു, പിന്നെ തിരിച്ചിറങ്ങിത്തുടങ്ങി

മുംബൈ| VISHNU N L| Last Updated: ചൊവ്വ, 25 ഓഗസ്റ്റ് 2015 (11:26 IST)
ചൈനയിലെ സാമ്പത്തിക തകര്‍ച്ചയില്‍ ഭയന്ന് തകര്‍ന്ന വീണ ഇന്ത്യന്‍ ഓഹരിവിപണി ഇന്ന് ഉയര്‍ത്തെഴുന്നേറ്റു. എന്നാല്‍ വിപണിയില്‍ നിലനിക്കുന്ന ഭീതി ഒഴിയാത്തതിനാല്‍ വിപണിയില്‍ ശക്തമായ ചാഞ്ചാട്ടമാണ് കാണുന്നത്. ഓഹരിവിപണിക്കൊപ്പം രൂപയുടെ വിനിമയ മൂല്യത്തിലും കുതിപ്പുണ്ടായിട്ടുണ്ട്. അതേസമയം ചൈനീസ് വിപണികള്‍ ഇന്നും കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചൈനീസ് ഓഹരി വിപണികൾ ഒഴിച്ച് മറ്റ് ഏഷ്യൻ വിപണികളിൽ നേട്ടത്തോടെയാണ് വ്യപാരം ആരംഭിച്ചത്.

ഇന്ത്യന്‍ വിപണിയില്‍
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 309 പോയന്റ് ഉയര്‍ന്ന് 26051ലും നിഫ്റ്റി 96 പോയന്റ് ഉയര്‍ന്ന് 7,905ലുമെത്തി. രുപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി.രൂപയുടെ മൂല്യം ഡോളറിനെതിരെ 23 പൈസയുടെ 66.41 എന്ന നിലയിലേക്കുയര്‍ന്നു. ബിപിസിഎല്‍, ടെക് മഹീന്ദ്ര, എന്‍ടിപിസി, ലുപിന്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലാണ്. ഒഎന്‍ജിസി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടാറ്റ പവര്‍, ഐഎഫ്‌സിഐ, ടിവിഎസ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

ചൈനയിലെ സാമ്പത്തികമാന്ദ്യം ചൈനീസ് ഓഹരി വിപണിക്കു കനത്ത തിരിച്ചടി നൽകിയപ്പോൾ ഇന്ത്യൻ വിപണിയും ഇന്നലെ മൂക്കുകുത്തിയിരുന്നു. സെൻസെക്സ് 1624.51 പോയിന്റ് ഇടിഞ്ഞ് 25,741.56ൽ എത്തിയിരുന്നു. ഒരു ദിവസത്തെ ഏറ്റവും കനത്ത ഇടിവിനാണു വിപണി സാക്ഷ്യം വഹിച്ചത്. ആഗോള വിപണികളിലെ തകര്‍ച്ചയെ തുടര്‍ന്ന് 1624 പോയന്റാണ് കഴിഞ്ഞദിവസം വിപണിക്ക് നഷ്ടമായത്.

2009 ജനുവരി ഏഴിനു ശേഷം സൂചിക ഇത്രയധികം താഴേക്കു വീഴുന്നതും ഇതാദ്യം. 26,730 ൽ ആരംഭിച്ച സൂചിക ഒട്ടും വൈകാതെ തന്നെ താഴേക്കു വീഴുകയായിരുന്നു. 1741.35 പോയിന്റിന്റെ ഇടിവാണ് ഒരവസരത്തിൽ നേരിട്ടത്. ഏഴു വർഷത്തിനിടെ ഇതാദ്യമായാണു വ്യാപാരമധ്യത്തിൽ സൂചിക ഇത്രയധികം ഇടിയുന്നത്. 2008 ജനുവരി 21ന് 2062 പോയിന്റ് താഴ്ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :