മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 10 ജൂണ്‍ 2008 (16:55 IST)
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ചൊവ്വാഴ്ചയും തിരിച്ചടി തുടര്‍ക്കഥയാക്കി മാറ്റി. വിപണി അവസാനിച്ച സമയത്ത് സെന്‍സെക്സ് 177 പോയിന്‍റ് നഷ്ടത്തിലായി.
ചൊവ്വാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് 86 പോയിന്‍റ് നഷ്ടത്തില്‍ തന്നെ തുടക്കമിട്ട മുംബൈ ഓഹരി വിപണി സൂചിക വൈകിട്ട് ക്ലോസിംഗ് സമയത്ത് 176.85 പോയിന്‍റ് അഥവാ 1.17 ശതമാനം നഷ്ടത്തില്‍ 14,889.25 എന്ന നിലയിലേക്ക് താണു.
എന്നാല്‍ ഇടവേളയില്‍ സെന്‍സെക്സ് 15,088 എന്ന നില വരെ ഉയരുകയും ചെയ്തിരുന്നു. പിന്നീട് സെന്‍സെക്സ് 443 പോയിന്‍റ് നഷ്ടത്തില്‍ 14,645 വരെ താഴുകയും ചെയ്ത് ഈ വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. എങ്കിലും പിന്നീട് ഒരളവ് തിരിച്ചുവരാന്‍ കഴിഞ്ഞതാണ് സെന്‍സെക്സിന്‍റെ ചൊവ്വാഴ്ചത്തെ മികച്ച നേട്ടം.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 51 പോയിന്‍റ് ഇടിഞ്ഞ് 4,450 എന്ന നിലയിലേക്ക് താണു.
ചൊവ്വാഴ്ച മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,699 ഓഹരികളില്‍ 1,667 എണ്ണം നഷ്ടത്തിലായപ്പോള്‍ 964 എണ്ണം മെച്ചപ്പെട്ട നില കൈവരിച്ചു. അതേ സമയം 68 എണ്ണം സ്ഥിരത കൈവരിക്കുകയും ചെയ്തു.
ചൊവ്വാഴ്ച മുംബൈ ഓഹരി വിപണിയില്‍ ഏറ്റവും അധികം നഷ്ടം ഉണ്ടായത് എച്ച്.ഡി.എഫ്.സിക്കാണ് - 4.8 ശതമാനം കുറഞ്ഞ് 2,207 എന്ന നിലയിലേക്ക് താണു. ഇതിനൊപ്പം ഒ.എന്‍.ജി.സി ഓഹരി വില 4.7 ശതമാനം നഷ്ടത്തില്‍ 873 രൂപയായും എച്ച്.ഡി.എഫ്.സി ബാങ്ക് 4.5 ശതമാനം നഷ്ടത്തില്‍ 1,184 എന്ന നിലയിലേക്കും താണു.
ടി.സി.എസ് ഓഹരി വില 3.9 ശതമാനം താണ് 916 ആയി കുറഞ്ഞപ്പോള്‍ ജയപ്രകാശ് അസോസിയേറ്റ്സ് ഓഹരി വില 3.5 ശതമാനം കുറഞ്ഞ് 184 രൂപയായി താണു. ഇന്‍ഫോസിസ് ഓഹരി വില 3 ശതമാനം നഷ്ടത്തില്‍ 1,904 രൂപയായും കുറഞ്ഞു.
സത്യം, ഐ.റ്റി.സി., റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്, വിപ്രൊ, എസ്.ബി.ഐ എന്നിവയുടെ ഓഹരികള്‍ക്കും വന്‍ തിരിച്ചടിയുണ്ടായി.
അതേ സമയം റാന്‍ബാക്സി, സിപ്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി സുസുക്കി, എ.സി.സി., ഭെല്‍, ഹിന്‍ഡാല്‍ക്കോ എന്നിവയുടെ ഓഹരികളും ഒരളവ് ലാഭം കൊയ്തു.