ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ വന്‍ തിരിച്ചടിയോടെ താഴേക്ക് പോയ സൂചികകള്‍ ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടം ഏറെ കുറച്ചു. സെന്‍സെക്സ് 12 പോയിന്റ് നഷ്ടത്തിലായി.
തിങ്കളാഴ്ച രാവിലെ 150 ലേറെ പോയിന്റ് തിരിച്ചടിയോടെ വ്യാപാരം ആരംഭിച്ച മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് വൈകിട്ട് ക്ലോസിംഗ് സമയത്ത് 12.09 പോയിന്റ് അഥവാ 0.14 ശതമാനം നഷ്ടത്തില്‍ 8,903.12 എന്ന നിലയിലായി.
അതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 14.80 പോയിന്റ് അഥവാ 0.55 ശതമാനം ലാഭത്തോടെ 2708.25 എന്ന നിലയിലേക്കുയര്‍ന്നു.
ആഗോള ഓഹരി വിപണിയിലെ ചാഞ്ചാട്ടവും വില്‍പ്പന സമ്മര്‍ദ്ദവുമാണ് വിപണിയില്‍ വന്‍ ചാഞ്ചാട്ടത്തിനു കാരണമായതെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇടവേളയില്‍ സെന്‍സെക്സ് 340 പോയിന്റ് വരെ തിരിച്ചടി നേരിട്ട് 8702 ലേക്ക് താണിരുന്നു. റിയാലിറ്റി, ബാങ്കിംഗ്, പവര്‍ എന്നീ മേഖലകളിലെ സൂചികകള്‍ ഗണ്യമായി താണു.
മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 1382 ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ 1060 എണ്ണം ഒരളവ് മെച്ചം കൈവരിച്ചു.
വെള്ളിയാഴ്ച മുംബൈ ഓഹരി വിപണിയില്‍ സത്യം ഓഹരി വില 4.5 ശതമാനം തിരിച്ചടി നേരിട്ടപ്പോള്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, ഡി.എല്‍.എഫ് എന്നിവ 4 ശതമാനം വീതം തിരിച്ചടി നേരിട്ടു. മഹീന്ദ്ര, എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ 3 ശതമാനം വീതവും റാന്‍ബാക്സി, ഗ്രാസിം എന്നിവ 2.8 ശതമാനം വീതവും തിരിച്ചടി നേരിട്ടു.
ടാറ്റാ സ്റ്റീല്‍, സ്റ്റെറിലൈറ്റ്, എച്ച്.ഡി.എഫ്.സി, ഒ.എന്‍.ജി.സി., ജയപ്രകാശ് അസോസിയേറ്റ്സ് എന്നിവയും നഷ്ടത്തിലായവയില്‍ പ്രധാനപ്പെട്ടവയാണ്.
അതേ സമയം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ 4 ശതമാനവും മാരുതി സുസുക്കി, ടാറ്റാ പവര്‍ എന്നിവ 3.5 ശതമാനം വീതവും മെച്ചം കൈവരിച്ചു.
ഇതിനൊപ്പം ടി.സി.എസ്, ഭാരതി എയര്‍ടെല്‍ എന്നിവ 2.7 ശതമാനം മുന്നേറിയപ്പോള്‍ എന്‍.റ്റി.പി.സി 2 ശതമാനവും വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭെല്‍ എന്നിവ 1.5 ശതമാനം വീതവും മെച്ചം നേടി.