കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍സ് ടെന്നിസ് ഫൈനലില്‍ ഇന്ത്യയ്ക്ക് നിരാശ. സെക്കന്‍റ് സീഡായ സാനിയ മിര്‍സയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഓസ്ട്രേലിയയുടെ അനസ്താഷ്യ റോഡിയോനോവയോടാണ് സാനിയ പരാജയപ്പെട്ടത്.
സ്കോര്‍: 6-3, 2-6, 7-6(3)
ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായിരുന്നു സാനിയ മിര്‍സ. ആദ്യ സെറ്റ് റോഡിയോനോവയ്ക്ക് സാനിയ അടിയറ വച്ചപ്പോള്‍ സ്റ്റേഡിയമൊന്നടങ്കം നിശബ്ദമായി. എന്നാല്‍ രണ്ടാം സെറ്റില്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് സാനിയ നടത്തിയത്.
രണ്ടാം സെറ്റില്‍ സാനിയ ഇരമ്പിക്കയറിയപ്പോള്‍ സ്റ്റേഡിയമെങ്ങും “സാനിയ...സാനിയ” എന്ന ആരവം മാത്രം നിറഞ്ഞുനിന്നു. മൂന്നാം സെറ്റിലും ഒരു ഘട്ടത്തില്‍ 5-5 എന്ന രീതിയില്‍ സാനിയ പിടിച്ചതാണ്. ഒടുവില്‍ ഓസ്ട്രേലിയന്‍ താരത്തിന്‍റെ കായികക്ഷമതയ്ക്ക് മുന്നില്‍ സാനിയയ്ക്ക് അടിയറവ് പറയേണ്ടി വന്നു.
മകളുടെ കളികാണാന്‍ സാനിയയുടെ പിതാവ് വി ഐ പി ബോക്സില്‍ എത്തിയിരുന്നു. സുരേഷ് കല്‍മാഡിയും സാനിയയ്ക്ക് പ്രോത്സാഹനം നല്‍കാന്‍ എത്തി. എന്നാല്‍ സാനിയയുടെ ഭര്‍ത്താവ് ഷൊയബ് മാലിക് കളികാണാന്‍ എത്തിയിരുന്നില്ല.
അതേസമയം, നൈജീരിയയെ തകര്‍ത്ത് ഇന്ത്യ ഇന്ന് ടേബിള്‍ ടെന്നിസില്‍ വെങ്കലം സ്വന്തമാക്കി. സ്‌കോര്‍: 3-0. സെമിയില്‍ നിറംമങ്ങിപ്പോയ ഇന്ത്യ ലൂസേഴ്‌സ് ഫൈനലില്‍ ജയിച്ചുകയറുകയായിരുന്നു.