സഫീനയും ഇവാനൊവിച്ചും പുറത്ത്

മിയാമി| WEBDUNIA|
മിയാമി മാസ്റ്റേര്‍സ് ടെന്നീസ് ടൂര്‍ണ്ണമെന്‍റില്‍ വനിതാവിഭാഗങ്ങളില്‍ വമ്പന്‍ അട്ടിമറി. റഷ്യന്‍ താരം ദിനാര സഫീനയും സെര്‍ബിയന്‍ താരം അന ഇവാനോവിച്ചും മുന്നാം സീഡ് താരം യെലേന യാങ്കൊവിച്ചും മൂന്നാം റൌണ്ട് പോരാട്ടങ്ങളില്‍ പുറത്തായി. അതേസമയം പുരുഷവിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ നാലാം റൌണ്ടിലെത്തി.

സ്വിസ് താരമായ ഫെഡറര്‍ സ്പെയ്നിന്‍റെ പതിനഞ്ചാം സീഡ് താരം ടോമ്മി റൊബ്രെഡോയെ ആണ് മൂന്നാം റൌണ്ടില്‍ പരാജയപ്പെടുത്തിയത്( 7-5,6-3). അമേരിക്കയുടെ ടെയ്‌ലര്‍ ഡെന്‍റിനെയാണ് നാലാം റൌണ്ടില്‍ ഫെഡറര്‍ നേരിടുക.

വമ്പന്‍ അട്ടിമറികള്‍ക്കാണ് വനിതാവിഭാഗം മൂന്നാംറൌണ്ട് മത്സരങ്ങള്‍ വേദിയാ‍യത്. ഓസ്ട്രേലിയന്‍ താരം സാമന്താ സ്റ്റോസര്‍ ആണ് രണ്ടാം സീഡ് താരമായ സഫീനയെ പരാജയപ്പെടുത്തിയത്(6-1,6-4). നാല്‍പ്പത്തിരണ്ടാം റാങ്കുകാരിയാണ് സ്റ്റോസര്‍. ഇറ്റലിയുടെ ഫ്ലാവിയ പെന്നെറ്റോ ഫ്രാന്‍സിന്‍റെ അമെലീ മൌറീസ്മോ മത്സരത്തിലെ വിജയിയെ ആകും സ്റ്റോസര്‍ നാലാം റൌണ്ടില്‍ നേരിടുക.

മൂന്ന് സെറ്റുകള്‍ നീണ്ട കടുത്ത മത്സരത്തിലാണ് ഏഴാം സീഡായ ഇവനോവിച്ച് ഹംഗറിയുടെ ആഗ്നസ് സാവേയോട് പരാജയപ്പെട്ടത്( 6-4, 4-6, 6-1). ഇരുപത്തിയഞ്ചാം സീഡാണ് സാവേ. പതിനൊന്നാം സീഡായ ബെലാറസിന്‍റെ വിക്ടോറിയ അസരങ്കെയോടാണ് സാവേ അടുത്ത റൌണ്ടില്‍ എറ്റുമുട്ടുക.

മുന്‍നിര താരം അന്ന ചെക്‍‌വറ്റാഡ്സെയെ അട്ടിമറിച്ചാണ് അസരെങ്ക നാലാം റൌണ്ടില്‍ എത്തിയത്. റഷ്യയുടെ യെലേന ഡെമന്‍റീവയും സ്വെറ്റ്ലാന കുസ്നെറ്റ്സോവയും ടൂര്‍ണ്ണമെന്‍റില്‍ മുന്നേറുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :