ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഷൊയൈബ് മാലിക്കും തമ്മിലുള്ള വിവാഹം നീട്ടിവെച്ചേയ്ക്കുമെന്ന് സൂചന. ഈ മാസം 15നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ വിവാഹം നീട്ടിവെയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്ന് സാനിയ കുടുംബവുമായി അടുത്ത ബന്ധമുള്ള ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വി ചാമുണ്ഡേശ്വരനാഥ് പറഞ്ഞു.
വിവാഹം നീട്ടിവെയ്ക്കുന്നകാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെങ്കിലും ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചാമുണ്ഡേശ്വരനാഥ് വ്യക്തമാക്കി. ഷൊയൈബിന്‍റെ ആദ്യ ഭാര്യയെന്ന് അവകാശപ്പെടുന്ന അയേഷ സിദ്ദീഖി കോടതിയെ സമീപിച്ച് നിയമയുദ്ധം തുടരുന്നതാണ് വിവാഹം നീട്ടിവെയ്ക്കുന്നതിനെക്കുറിച്ച് ഇരുകുടുംബങ്ങളെയും ചിന്തിപ്പിക്കുന്നത്.
ആയേഷ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷൊയൈബിനെ ഇന്നലെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്‍റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കയും ചെയ്തിരുന്നു. വിവാഹം നീട്ടിവെയ്ക്കില്ലെന്ന് ഷൊയൈബും-സാനിയയും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
എങ്കിലും ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ വിവാഹ ആഘോഷങ്ങളെ മോശമായി ബാധിക്കാനിടയുണ്ടെന്ന് തന്നെയാണ് ഇരു കുടുംബങ്ങളും കരുതുന്നത്. കൂടാതെ അയേഷയുടെ പരാതിയില്‍ കേസ് അന്വേഷിക്കുന്ന പൊലീസ് കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ഷൊയൈബിനെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചന നല്‍കിയിട്ടുണ്ട്. ഇതും വിവാഹം നീട്ടിവെയ്ക്കാനുള്ള കാരണമായേക്കാമെന്നാണ് കരുതുന്നത്.