ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ടെന്നീസ് സിംഗിള്‍സ് കിരീടം 20 കാരിയായ റഷ്യയുടെ മരിയ ഷറപ്പോവ സ്വന്തമാക്കി. സെര്‍ബിയയുടെ അന്ന ഇവാനോവിച്ചിനെ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷറപ്പോവ കിരീടം ചൂടിയത്. ഷറപ്പോവയുടെ മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.
ആദ്യ സെറ്റില്‍ അന്ന മികച്ച് പ്രകടനമാണ് ഷറപ്പോവയ്ക്കെതിരെ കാഴ്ചവച്ചത്. സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടതോടെ പരിചയസമ്പത്ത് ഷറപ്പോവയെ തുണയ്ക്കുകയായിരുന്നു. ഇതോടെ ആദ്യ സെറ്റ് 7-5 എന്ന സ്കോറിന് ഷറപ്പോവ നേടി.
എന്നാല്‍ രണ്ടാം സെറ്റില്‍ അന്ന തീര്‍ത്തും മങ്ങിപ്പോയി. മികച്ച് കളിയിലൂടെ അന്നയെ 6-3 എന്ന സ്കോറിനു തോല്‍പ്പിച്ച് രണ്ടാം സെറ്റും കിരീടവും ഷറപ്പോവ നേടി.
ഒമ്പതാം സീഡായ സ്ലോവാക്യയുടെ ദാനിയേല ഹെന്റുക്കോവയെ 0-6, 6-3, 6-4 എന്ന സ്കോറിനു കീഴടക്കിയായിരുന്നു അന്ന ഫൈനലിലെത്തിയത്. അതേ സമയം മരിയ ഷറപ്പോവയാവട്ടെ 6-3, 6-1 എന്ന ഏകപക്ഷീയമായ സ്കോറിന് സെര്‍ബിയന്‍ താരം ജല്‍ന ജാങ്കോവിക്കിനെ പരാജയപ്പെടുത്തിയായിരുന്നു ഫൈനലില്‍ ഇടം പിടിച്ചത്.
കഴിഞ്ഞ വര്‍ഷം ഓസീസ് ഓപ്പണില്‍ അമേരിക്കയുടെ സെറീന വില്യംസിനോട് 6-1, 6-2 എന്ന സ്കോറിനു പരാജയപ്പെട്ട് ഷറപ്പോവ പുറത്താവുകയായിരുന്നു.