ചുമലിനേറ്റ പരുക്കിനെ തുടര്‍ന്ന് മത്സര ടെന്നീസില്‍ നിന്ന് വിരമിക്കലിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവ. ഓസ്ട്രേലിയന്‍ ഓപ്പണിലൂടെ ടെന്നീസിലേക്ക് ശക്തമായ തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണെന്നും ഷറപ്പോവ പറഞ്ഞു.
മത്സര ടെന്നീസിലേക്ക് തിരിച്ചുവരാതിരിക്കാന്‍ എന്‍റെ മുന്‍പില്‍ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. എന്നിട്ടും ടെന്നീസ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഞാന്‍ മനസ്സില്‍ പോലും ചിന്തിച്ചിട്ടില്ല. കോര്‍ട്ടില്‍ തിരിച്ചെത്താനായി ഞാന്‍ കഠിനമായി ശ്രമിക്കുകയാണ്. കൂടുതല്‍ മികച്ച താരമായി ടെന്നീസില്‍ തിരിച്ചെത്തണമെന്നാണ് എന്‍റെ ആഗ്രഹം-ഷറപോവ പറഞ്ഞു.
ഓസ്ട്രേലിയന്‍ ഓപ്പണ് മുന്നോടിയായി ഹോംഗ്കോങ്ങില്‍ പ്രദര്‍ശന മത്സരം കളിച്ചിരുന്നു. ആ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തയാണ്. ജസ്റ്റിന്‍ ഹെനിന്‍, കിം ക്ലിസ്റ്റേഴ്സ് എന്നിവര്‍ ടെന്നീസിലേക്ക് തിരിച്ചുവന്നതും വില്യംസ് സഹോദരിമാര്‍ ശക്തമായി രംഗത്തുള്ളതും 2010നെ വനിതാ ടെന്നീസിലെ മികച്ച വര്‍ഷമാക്കുമെന്നാണ് പ്രതീക്ഷയെന്നും ഷറപ്പോവ പറഞ്ഞു.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ പതിനാലാം സീഡായ റഷ്യന്‍ സുന്ദരിയുടെ ആദ്യ മത്സരം സ്വന്തം നാട്ടുകാരിയായ മരിയ കിര്‍ലെങ്കോയ്ക്കെതിരെയാണ്. ജൂനിയര്‍ ടൂര്‍ണമെന്‍റ് മുതല്‍ ഒരുമിച്ച് കളിച്ച് പരിചയമുള്ള കിലെങ്കോയെ കീഴടക്കുക എളുപ്പമായിരിക്കില്ലെന്നും ഷറപ്പോവ പറഞ്ഞു.