വനിത ഹോക്കി മാറ്റിവച്ചു

ന്യൂഡല്‍ഹി| WEBDUNIA|
ജലന്ധറില്‍ ഏപ്രില്‍ 25 മുതല്‍ മെയ് 2 വരെ നടക്കാനിരുന്ന നാല് രാഷ്ട്ര വനിത ഹോക്കി ടൂര്‍ണ്ണമെന്‍റ് മാറ്റിവച്ചു. പൊതുതെരഞ്ഞെടുപ്പ നടക്കുന്ന സമയമായതിനാലാണ് മല്‍സരങ്ങള്‍ മാറ്റിവച്ചതെന്ന് ഇന്ത്യന്‍ വിമണ്‍സ് ഹോക്കി ഫെഡറേഷന്‍ അറിയിച്ചു.

മല്‍സരങ്ങള്‍ സെപ്തംബറില്‍ നടക്കും. ഇന്ത്യയെക്കൂടാ‍തെ കാനഡ, ന്യൂസിലാന്‍ഡ്, ഇറ്റലി എന്നീ രാജ്യങ്ങളാണ് മല്‍സരത്തിനുള്ളത്. പുതിയ തീരുമാനം ഈ രാഷ്ട്രങ്ങളെയും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനേയും അറിയിച്ചിട്ടുണ്ടെന്ന് ഐഡബ്ളിയുഎച്ച്എഫ് സെക്രട്ടറി അമൃത് ബോസ് പറഞ്ഞു. എന്നാല്‍ സപ്തംബറില്‍ നടക്കുന്ന തങ്ങളുടെ ദേശീയ ലീഗിനെ ഇത് ബാധിക്കുമെന്നതിനാല്‍ ന്യൂസിലാന്‍ഡ് മല്‍സരത്തില്‍ നിന്ന് പിന്‍മാറാന്‍ സാധ്യതയുണ്ടന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇറ്റലിയും കാനഡയും സപ്തംബറില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായും ന്യൂസിലാന്‍ഡിനെക്കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തുമെന്നും അമൃത് ബോസ് പറഞ്ഞു. നാല് രാഷ്ട്രങ്ങള്‍ക്കും ഉചിതമായ ദിവസങ്ങള്‍ മല്‍സരത്തിനായി കണ്ടെത്താനായിരിക്കും ശ്രമിക്കുകയെന്നും അദ്ദേഹം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :