ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

ഹൈദരാബാദ്| WEBDUNIA| Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2009 (10:35 IST)
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഹൈദരാബാദില്‍ തുടക്കമാകും. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറോളം കായികതാരങ്ങളാണ് ഒരാഴ്ച നീണ്ടു‌നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

ഗച്ചിബൌളിയിലെ ജി‌എം‌സി ബാലയോഗി ഇന്‍‌ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. തീവ്രവാദ ഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് മത്സരവേദിയിലും പരിശീലന വേദിയായ പുല്ലേല ഗോപീചന്ദ് ബാഡ്മിന്‍റണ്‍ അക്കാദമിയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കളിക്കാരുടെ താമസ സ്ഥലത്തും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീഷണി കണക്കിലെടുത്ത് ഇംഗ്ലണ്ട് ടൂര്‍ണ്ണമെന്‍റില്‍ നിന്ന് പിന്‍‌മാറിയിരുന്നു.

ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പിനായി തയ്യാറെടുക്കുന്നത്. ഹോം ഗ്രൌണ്ടെന്ന ആനുകൂല്യവും കാണികളുടെ പിന്തുണയും പ്രകടനത്തിന് ഊര്‍ജ്ജം പകരുമെന്ന വിശ്വാസത്തിലാണ് സൈന നെഹ്‌വാളും കൂട്ടരും.

ഒരാഴ്ചമുമ്പ് ചിക്കന്‍പോക്സിന്‍റെ പിടിയിലായതിനെതുടര്‍ന്ന് സൈനയുടെ പരിശീലനം ഏതാനും ദിവസം മുടങ്ങിയിരുന്നു. ആദ്യ റൌണ്ടില്‍ ബൈ ലഭിച്ച സൈന പോളണ്ടിന്‍റെ ഓല്‍ഗ കോനോന്‍ റഷ്യയുടെ അനസ്താഷ്യ പ്രൊകോപെന്‍‌കോ മത്സരത്തിലെ വിജയിയെ ആണ് രണ്ടാം റൌണ്ടില്‍ നേരിടുക.

അരവിന്ദ് ഭട്ട് ചേതന്‍ ആനന്ദ് ജ്വാല ഗുട്ട തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്.
ഡബിള്‍സില്‍ മലയാളിയായ ദീജു-ജ്വാല ഗുട്ട സഖ്യത്തിലും ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്. ആദ്യ മത്സരത്തില്‍ ബൈ ലഭിച്ച ഈ സഖ്യം രണ്ടാം റൌണ്ട് മുതലാകും പോരാട്ടത്തിനിറങ്ങുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :