ലക്‍ഷ്യം ആറാം സ്ഥാനം: ഹരേന്ദ്രസിംഗ്

ഭോപ്പാല്‍| WEBDUNIA|
ഇന്ത്യയെ ഹോക്കി റാങ്കിംഗില്‍ ആറാം സ്ഥാനത്ത് എത്തിക്കുകയാണ് തന്‍റെ ല‌ക്‍ഷ്യമെന്ന് ദേശീയ ഹോക്കി ടീം പരിശീലകന്‍ ഹരേന്ദ്രസിംഗ് പറഞ്ഞു. ഇക്കൊല്ലം അവസാനത്തോടെ ഈ ലക്‍ഷ്യം സഫലീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ ഒമ്പതാം സ്ഥാ‍നത്താണ് ഇന്ത്യ.

ഏപ്രില്‍ അഞ്ചിന് ആരംഭിക്കുന്ന അസ്ലന്‍ ഷാ കപ്പില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്രഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാ‍രിക്കുകയായിരുന്നു ഹരേന്ദ്രസിംഗ്.

ഏപ്രില്‍ അഞ്ചിന് ആരംഭിക്കുന്ന അസ്ലന്‍ ഷാ ഹോക്കിയില്‍ ആക്രമണത്തിലൂന്നിയാകും ഇന്ത്യ കളിക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രതിരോധത്തിലൂന്നിയ കളി വിജയം നേടിത്തരുമെന്ന് കരുതുന്നില്ലെന്നും ഹരേന്ദ്രസിംഗ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞകൊല്ലം ടൂര്‍ണ്ണമെന്‍റിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ.

ന്യൂസിലാന്‍ഡില്‍ പരമ്പര നേടാനായത് കളിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ടെന്ന് ഹരേന്ദ്രസിംഗ് പറഞ്ഞു. ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ഈജിപ്ത്, മലേഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ അസ്ലന്‍ ഷാ കപ്പില്‍ പങ്കെടുക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :