മഡീര ദ്വീപിനായി റോണോയുടെ കളി

മാഡ്രിഡ്‌| WEBDUNIA|
PRO
ലോക ഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്പാനിഷ്‌ ലീഗ്‌ ഫുട്ബോളില്‍ ഇന്നലെ നേടിയ ഗോള്‍ പ്രകൃതിക്ഷോഭത്തിന്റെ കെടുതിയിലകപ്പെട്ട സ്വദേശമായ മഡീര ദ്വീപിന്‌ സമര്‍പ്പിച്ചു. മഡീരയുടെ തലസ്ഥാനമായ ഫുഞ്ചല്‍ സ്വദേശിയാണ്‌ റൊണാള്‍ഡോ.

പോര്‍ച്ചുഗീസ്‌ ദ്വീപായ മഡീരായില്‍ ശനിയാഴ്ചയുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് നാല്‍‌പ്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. മഡീരായിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പോര്‍ട്ടോ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒരു പ്രദര്‍ശന മത്സരത്തില്‍ കളിക്കാമെന്നും ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ബൂട്ടുകളുടെ ഉടമ കൂടിയായ റൊണാള്‍ഡൊ സമ്മതിച്ചു. പ്രദര്‍ശന മത്സരത്തിന്‍റെ തീയ്യതി തീരുമാനിച്ചിട്ടില്ല.

സ്പാനിഷ് ലീഗില്‍ വിയ്യാറയലിനെതിരെ ഇന്നലെ നടന്ന മത്സരത്തിനായി സ്പെയിനിലെ റയലിന്‍റെ മൈതാനമായ സാന്‍റിയാഗൊ ബെര്‍ണബ്യൂ സ്റ്റേഡിയത്തിലേക്കു തിരിക്കുന്നതിനു മുന്‍പുതന്നെ റോണൊ തന്‍റെ ജനതയോട് സഹാനുഭൂതി പ്രകടമാക്കിയിരുന്നു. താന്‍ ജനിച്ചു വളര്‍ന്ന ഇടമാണ് മഡീരയെന്നും തന്‍റെ കുടുംബാംഗങ്ങള്‍ ഇപ്പോഴും അവിടെയുണ്ടെന്നും റോണൊ റയല്‍ വെബ്സൈറ്റില്‍ വ്യക്തമാക്കി.

ഇന്നലെ വിയ്യാറയല്‍ ഗോള്‍കീപ്പര്‍ ഡിയഗോ ലോപസിനെ കബളിപ്പിച്ച്‌ ഗോള്‍ നേടിയ ഉടന്‍ റോണോ ഷര്‍ട്ടു നീക്കി മഡീര എന്നെഴുതിയ ടീഷര്‍ട്ട്‌ ഉയര്‍ത്തിക്കാട്ടി സ്നേഹം പ്രകടമാക്കുകയായിരുന്നു. മത്സരത്തില്‍ 6-2 നാണ്‌ റയല്‍ മഡ്രിഡ്‌ വില്ലാറിയലിനെ തകര്‍ത്തത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :