ബൂട്ടിയയ്ക്ക് ലെബനന്‍ ക്യാപ്റ്റന്‍റെ പ്രശംസ

ന്യൂഡല്‍ഹി| അയ്യാനാഥന്‍| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2009 (18:02 IST)
ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചൂങ് ബൂട്ടിയയ്ക്ക് ലെബനന്‍ ഫുട്ബോള്‍ ടീം നായകന്‍റെ പ്രശംസ. ബൂട്ടിയയുടെ കേളീശൈലിയെ ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ലെബനന്‍ ക്യാപ്റ്റന്‍ ബിലാല്‍ സി എല്‍ നജ്‌റിന്‍ അഭിനന്ദിച്ചത്. നെഹ്‌റു കപ്പ് ടൂര്‍ണ്ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് വിജയിച്ച ശേഷമാണ് നജ്‌റിന്‍ ബൂട്ടിയയെ പ്രശംസിച്ചത്.

ബൂട്ടിയയെ ഗ്രൌണ്ടില്‍ മാര്‍ക്ക് ചെയ്യാന്‍ പ്രയാസമാണെന്നായിരുന്നു നജറൈന്‍റെ വിലയിരുത്തല്‍. ബൂട്ടിയയുടെ കളി ആകര്‍ഷണീയമാണെന്നും നജ്‌റിന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമംഗങ്ങളുടെ ഉയരക്കുറവ് ഒരു പ്രശ്നമാണെന്ന് നജ്‌റിന്‍ പറഞ്ഞു. ഒരു ഉയരം കൂടിയ കളിക്കാരനും കുറിയ കളിക്കാരനും ഇന്ത്യയുടെ ആക്രമണ നിരയില്‍ ഉണ്ടെങ്കില്‍ ഗ്രൌണ്ടില്‍ ഗുണം ചെയ്യുമെന്നും നജ്‌റിന്‍ ചൂണ്ടിക്കാട്ടി.

ലെബനനില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ വേണ്ടത്ര കളിക്കാന്‍ കഴിയാറില്ല. ഇവിടെ കുറഞ്ഞ സമയത്തിനുള്ളില്‍ ഏഴ് കളികളില്‍ പങ്കെടുക്കാനാകും അതുകൊണ്ട് തന്നെ നെഹ്‌റു ട്രോഫിയിലെ പങ്കാളിത്തം ടീമിന് ഏറെ പ്രയോജനം ചെയ്യുമെന്നും നജ്‌റിന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തിനൊരുക്കിയ ഗ്രൌണ്ട് രണ്ട് ടീമുകള്‍ക്കും പ്രശ്നം സൃഷ്ടിച്ചെന്നും ഗ്രൌണ്ടിലെ പുല്ല് കളഞ്ഞാല്‍ ടീമുകള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നും നജ്‌റിന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ചൂടേറിയ കാലാവസ്ഥയും ടീമിന് വെല്ലുവിളിയാകുന്നുണ്ടെന്നും നജ്‌റിന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :