ലോക ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനമുള്ള സ്വിസ്സ് താരം റോജര്‍ ഫെഡററുടെ അടുത്ത ലക്‍ഷ്യം വിംബിള്‍ഡണ്‍ തന്നെ. പാരീസ് ഓപ്പണില്‍ രണ്ടാം നമ്പര്‍ താരമായ റാഫേല്‍ നദാലിനോട് പരാജയപ്പെട്ടെങ്കിലും വിംബിള്‍ഡണില്‍ മികച്ച കളി കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഫെഡറര്‍ കരുതുന്നത്.
റോളണ്ട് ഗാരോസില്‍ തികച്ചും ഏകപക്ഷീയമായ 6-1 6-3 6-0 എന്ന മൂന്ന് സെറ്റുകള്‍ക്കാണ് നദാല്‍ ഫെഡററെ അടിയറവ് പറയിച്ച് കിരീടം നേടിയത്. എന്നാല്‍ പുല്‍ക്കോര്‍ട്ടില്‍ കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായി താന്‍ പരാജയപ്പെട്ടിട്ടേയില്ല എന്നാണ് 26 കാരനായ ഫെഡറര്‍ പറഞ്ഞത്. ജയിക്കാനുള്ള സാധ്യത ഇവിടെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
കളിമണ്‍ കോര്‍ട്ടില്‍ നിന്നും വ്യത്യസ്തമാണ് പുല്‍ക്കോര്‍ട്ടിലെ കളിയെന്നും ഫെഡറര്‍ പറഞ്ഞു. ജയിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം എന്നും വിംബിള്‍ഡണില്‍ താന്‍ ഇപ്പോഴും ഇഷ്ടപ്പെട്ട താരം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാരീസ്‍|
WEBDUNIA|
Last Modified ചൊവ്വ, 10 ജൂണ്‍ 2008 (16:31 IST)