പോര്‍വിളിയുമായി ആസ്റ്റണ്‍‌വില്ല

ബര്‍മിംഗ്ഹാം| WEBDUNIA|
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍‌സിക്ക് ഇന്ന് നിര്‍ണായക ദിനം. സീസണില്‍ അസാമാന്യ പോരാട്ടവീര്യം പുറത്തെടുത്ത ആസ്റ്റണ്‍‌വില്ല ചെല്‍‌സിക്കെതിരെ പോര്‍വിളി തുടങ്ങിക്കഴിഞ്ഞു. പ്രീമിയര്‍ ലീഗ് എന്ന ചെല്‍‌സിയുടെ സ്വപ്നത്തെ ഇല്ലാതാക്കുമെന്ന് ആസ്റ്റണ്‍‌വില്ലയുടെ പരിശീലകന്‍ മാര്‍ട്ടിന്‍ മുന്നറിയിപ്പ് നല്‍കി. പോയിന്‍റ് നിലയില്‍ ചെല്‍‌സിയെ ഒരുപടി പോലും മുന്നേറാന്‍ അനുവദിക്കില്ലെന്നും മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു.

മാര്‍ട്ടിന്‍റെ വെല്ലുവിളി ചെല്‍‌സി എങ്ങനെ അതിജീവിക്കുമെന്നാണ് കാല്‍‌പന്തുകളിയുടെ തട്ടകങ്ങള്‍ ഉറ്റുനോക്കുന്നത്.
പോയിന്‍റ് നിലയില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ് ചെല്‍‌സി. 49 പോയന്‍റാണ് ഇവര്‍ക്കുള്ളത്. 51 പോയന്‍റുമായി ആസ്റ്റണ്‍വില്ല തന്നെയാണ് തൊട്ടുമുന്നില്‍. ഇന്ന് വിജയിച്ചാല്‍ വില്ലയെ മറികടന്ന് ചെല്‍‌സിക്ക് വീണ്ടും മൂന്നാം സ്ഥാനത്തെത്താം.

പുതിയ പരിശീലകന്‍ ഗുസ് ഹിഡിംഗിന്‍റെ തന്ത്രങ്ങള്‍ ചെല്‍‌സിയെ എത്രത്തോളം തുണയ്ക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹിഡിംഗിന്‍റെ കീഴില്‍ ചെല്‍‌സിയുടെ ആദ്യ ലീഗ് മത്സരമാണിത്. ബ്രസീലുകാരനായ സ്കോളാ‍രിയെ പുറത്താക്കിയാണ് ചെല്‍‌സി ഹിഡിംഗിനെ പരിശീ‍ലകസ്ഥാനം ഏല്‍‌പിച്ചത്. അതുകൊണ്ടുതന്നെ കന്നിയങ്കം ജയിക്കേണ്ടത് ഹിഡിംഗിന്‍റേയും ആ‍വശ്യമാണ്.

മറ്റ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്ലാക്ക് ബേണ്‍ റോബേഴ്സിനെയും ആര്‍സനല്‍ സണ്ടര്‍ലാന്‍‌ഡിനേയും ഇന്ന് നേരിടും. 44 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ആര്‍സനല്‍. പോയന്‍റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് ഒമ്പതാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് എതിരാളികള്‍. മധ്യനിരക്കാരന്‍ സാബി അലോണ്‍സോയും പരിക്ക് ഭേദമാകാത്ത സ്റ്റീവന്‍ ജെറാര്‍ഡും ഇല്ലാതെയാണ് ലിവര്‍പൂള്‍ ഇറങ്ങുക. നാളെയാണ് ഈ മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :