പീറിന് വിസ നിഷേധിച്ചതിനെതിരെ യുഎസ്

വാഷിംഗ്ടണ്‍| WEBDUNIA|
ഇസ്രയേലി ടെന്നീസ് താരം ഷഹര്‍ പീറിന് ദുബായ് ഓപ്പണില്‍ പങ്കെടുക്കാന്‍ വിസ നിഷേധിച്ചതിനെതിരെ യുഎസ് നിയമവിദഗ്ധര്‍ രംഗത്തെത്തി. ഡെമോക്രാറ്റിക് പ്രതിനിധികളായ ഷെല്ലി ബെര്‍ക്‍ലെയും ഏലിയറ്റ് ഏഞ്ചലുമാണ് യുഎഇയുടെ നടപടിയെ വിമര്‍ശിച്ച് പ്രസിഡന്‍റ് ഷെയ്ഖ് ഖാലിഫ ബീന്‍ സയ്യീദ് അല്‍ നഹ്യാന് കത്തയച്ചിരിക്കുന്നത്.

അമേരിക്കയും യു‌എഇയുമായുള്ള ബന്ധത്തില്‍ ഇത്തരം നടപടികള്‍ കരിനിഴല്‍ വീഴ്ത്തുമെന്ന് ഇരുവരും മുന്നറിയിപ്പ് നല്‍കി. ഡെമോക്രറ്റുകള്‍ അമേരിക്കയില്‍ ഭരണം വീണ്ടെടുത്തതിനാല്‍ ഈ പ്രതിഷേധത്തിന് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രധാന്യം കല്പിക്കുന്നുണ്ട്. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ കാ‍രണങ്ങളാലാണ് യുഎഇ ഷഹര്‍ പീറിന് വിസ നിഷേധിച്ചത്.

ഒരു രാജ്യം നടത്തുന്ന ടൂര്‍ണ്ണമെന്‍റില്‍ സുരക്ഷയുടെ പേരില്‍ വിദേശ അത്‌ലറ്റിന് വിസ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. സന്ദര്‍ശകരെ സംരക്ഷിക്കാന്‍ ആതിഥേയ രാജ്യം എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് പകരം അവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് കത്തില്‍ പറയുന്നു.

ഇത്തരം നിര്‍ഭാഗ്യ തീരുമാനങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും കത്തില്‍ ചൂണ്ടിക്കാട്ടി.
പുരുഷ വിഭാഗത്തില്‍ ഇസ്രയേല്‍ താരം ആന്‍ഡി റാമിന് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ യുഎഇ പ്രത്യേക അനുമതി നല്‍കിയിരുന്നു. എന്നാല്‍ പീറിന് വിസ നല്‍കാന്‍ യുഎഇ തയ്യാറായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :