പരാജയഭാരം ഏറ്റെടുക്കാനില്ല: മെസി

മാഡ്രിഡ്| WEBDUNIA| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2009 (15:46 IST)
PRO
അര്‍ജന്‍റീനയ്ക്ക് ലോകകപ്പ് യോഗ്യതാ റൌണ്ടിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുക്കാനാകില്ലെന്ന് അര്‍ജന്‍റീനിയന്‍ താരം ലയണല്‍ മെസ്സി പറഞ്ഞു. എല്ലാ കളിക്കാര്‍ക്കും ഇതിന്‍റെ ഉത്തരവാദിത്വമുണ്ടെന്നും മെസ്സി ചൂണ്ടിക്കാട്ടി. തനിക്ക് ഒറ്റയ്ക്ക് കളി ജയിപ്പിക്കാനാകില്ലെന്നും മെസി കൂട്ടിച്ചേര്‍ത്തു.

സ്പാനിഷ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തിപരമായും പ്രൊഫഷണലായും മറഡോണയുമായി വളരെ വലിയ ബന്ധമാണുള്ളത്. അദ്ദേഹം കളിക്കാരെ കൈകാര്യം ചെയ്യുന്നത് തന്നെ ആകര്‍ഷണീയമാണെന്നും മെസി കൂട്ടിച്ചേര്‍ത്തു. മറഡോണയും മെസിയും നേര്‍ക്കുനേര്‍ സംസാരിക്കുകപോലുമില്ലെന്ന് അര്‍ജന്‍റീനിയന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മെസിയുടെ വിശദീകരണം.

അര്‍ജന്‍റീനയ്ക്ക് ലോകകപ്പില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ ഒന്നിച്ച് മുന്നേറേണ്ടതുണ്ടെന്നും മെസി ചൂണ്ടിക്കാട്ടി.

ബ്രസീലിനും പരാഗ്വേയ്ക്കുമെതിരെ നടന്ന യോഗ്യതാ മത്സരങ്ങളില്‍ തോറ്റതോടെയാണ് 2010 ലോകകപ്പിലെ അര്‍ജന്‍റീനയുടെ സാന്നിധ്യം തുലാസിലായത്. അടുത്ത മാസം 10 ന് പെറുവുമായും 13 ന് ഉറുഗ്വേയുമായും അര്‍ജന്‍റീനയ്ക്ക് ഇനിയും മത്സരമുണ്ട്. ഇതിലും പരാജയപ്പെട്ടാല്‍ 1970 ന് ശേഷം അര്‍ജന്‍റീന ഇല്ലാത്ത ആദ്യ ഫുട്ബോള്‍ ലോകകപ്പിനാകും ദക്ഷിണാഫ്രിക്ക സാക്‍ഷ്യം വഹിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :