നേപ്പാള്‍ ഇന്ത്യയെ കുരുക്കി: നീര്‍ക്കോലി കടിച്ച് അത്താഴം മുടങ്ങുമോ?
ഡല്‍ഹി|
WEBDUNIA|
PRO
PRO
ഫൈനല്‍ സ്വപ്നം ഉറപ്പിച്ച് കളത്തിലിറങ്ങിയ ഇന്ത്യയെ നേപ്പാള്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെയാണ് ഒരു മത്സരത്തില്‍ പോലും ജയിക്കാത്ത നേപ്പാള്‍ തടഞ്ഞത്. നേപ്പാളുമായി നടന്ന മൂന്നാം മത്സരത്തില്‍ ആദ്യത്തെ രണ്ടു മത്സരത്തിലെ വിജയത്തിന്റെ മികവ് നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. ആദ്യമത്സരത്തില്‍ സിറിയയെ 2-1നും രണ്ടാം മത്സരത്തില്‍ മാലി ദ്വീപിനെ 3-0നും തോല്‍പ്പിച്ചിരുന്നു.രണ്ട് കളികളില്‍ നിന്ന് വിജയമൊന്നും ഇതുവരെ സ്വന്തമാക്കാന്‍ സാധിക്കാത്ത നേപ്പാള്‍ അവസാന സ്ഥാനത്താണ്. കാമറൂണുമായുള്ള മത്സരം ഇനി ഇന്ത്യക്ക് നിര്‍ണായകമാകും.
ആദ്യത്തെ രണ്ടു മത്സരങ്ങളും തോറ്റ നേപ്പാള്‍ സകല ശക്തിയുമെടുത്താണ് ഇന്ത്യക്കെതിരേ ആക്രമണം നടത്തിയത്. ആദ്യപകുതിയില്‍ വ്യക്തമായ ആധിപത്യം നേടിയ നേപ്പാള്‍ പലപ്പോഴും ഗോളിന്റെ വക്കില്വരെയെത്തിയിരുന്നു. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപാലിന്റെ മികച്ച സേവുകളാണ് നേപ്പാളിനു മുന്നില്‍ വന്മതില് കെട്ടിയത്.
ആദ്യ പകുതിയില്‍ നേപ്പാളിന്റെ ആക്രമണത്തെ പ്രതിരോധിക്കാനായിരുന്നു ഇന്ത്യ ശ്രമിച്ചതെങ്കില്‍ രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ ആക്രമണത്തിലൂടെ മറുപടി നല്‍കിയത് കളിയുടെ വിരസത കുറച്ചു. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഇന്ത്യന്‍ താരം ചാന്ദിനെ ഫൗള്‍ ചെയ്ത ഡിഫന്റര്‍ ബികാസ് സിങിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു.
ബുധനാഴ്ച കാമറൂണ്‍ മാലിദ്വീപുമായും വ്യാഴാഴ്ച സിറിയ നേപ്പാളുമായും മത്സരിക്കും. വെള്ളിയാഴ്ച കാമറൂണിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇപ്പോള്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുള്ള ഇന്ത്യ ഫൈനലിലെത്താനുള്ള സാധ്യത കൂടുതലായിരുന്നു.