നടന്ന് നടന്ന് പുണെയിലും എല്‍ദോ താരം

പുണെ| WEBDUNIA|
പ്രതീക്ഷിക്കാത്ത മെഡലായിരുന്നു നടത്തത്തില്‍ ഇന്ന് എല്‍ദോയ്ക്കും കേരളത്തിനും. ആണ്‍കുട്ടികളുടെ വിഭാഗം അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്‍റെ കുഞ്ഞന്‍ എല്‍ദോ നേടിയ വെള്ളിക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം. പതിനേഴുവയസ്സു വരെ പ്രായമുള്ള ചേട്ടന്മാര്‍ക്കൊപ്പം അടിപതറാതെ നടന്നാണ് എല്‍ദോ വെള്ളിമെഡല്‍ നേടിയത്.

മത്സരത്തില്‍ രണ്ടാമതെത്തിയ ആളെ അയോഗ്യനാക്കിയതോടെയാണ് എല്‍ദോ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. തനിക്ക് മെഡല്‍ ലഭിച്ച കാര്യം ആദ്യം എല്‍ദോയും അറിഞ്ഞിരുന്നില്ല. കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്പട കുഞ്ഞന്‍ എല്‍ദോയുടെ ഒരു ഫോട്ടോയ്ക്കായി തിരക്ക് കൂട്ടിയപ്പോള്‍ ആദ്യം എല്‍ദോയ്ക്ക് കാര്യം പിടികിട്ടിയില്ല. പിന്നെയാണ്, എല്‍ദോ താന്‍ വെള്ളിമെഡല്‍ ജേതാവായ കാര്യം അറിഞ്ഞത്.

ഏതായാലും ആദ്യദേശീയ സ്കൂള്‍ കായികമേളയ്ക്ക് ആദ്യമായി തീവണ്ടി കയറിയെത്തിയത് എല്‍ദോയ്ക്ക് വെറുതെയായില്ല. കീരമ്പാറ സെന്‍റ് സ്റ്റീഫന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് എല്‍ദോ വര്‍ഗീസ്. അതേ സ്‌കൂളിലെ അറ്റന്‍ഡറായ വി കെ വര്‍ഗീസിന്‍റെയും കീരമ്പാറ പഞ്ചായത്തംഗം സാലിവര്‍ഗീസിന്‍റെയും മകനാണ് എല്‍ദോ.

സബ്ജില്ലാതലത്തില്‍ രണ്ടാം സ്ഥാനവും റവന്യൂജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും നേടിയതിന്‍റെ ആവേശത്തിലായിരുന്നു പുണെയില്‍ മത്സരിക്കാന്‍ എല്‍ദോ എത്തിയത്.

ഇന്ന് പുണെയില്‍ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട് മത്സരത്തില്‍ അരുണ്‍ സി എസും വെള്ളി നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :