തേരാളിയായി ബട്ടന്‍: ബ്രൌണിന് ആദ്യജയം

മെല്‍ബണ്‍| WEBDUNIA|
അതിവേഗത്തിന്‍റെ സമവാക്യങ്ങള്‍ കാറ്റില്‍ പറത്തുന്ന ഫോര്‍മുല വണ്‍ സീസണ് തുടക്കമായി. അരങ്ങേറ്റ ടീമായ ബ്രൌണ്‍ ജിപിയാണ് മെല്‍ബണില്‍ നടന്ന ആദ്യ ഗ്രാന്‍ഡ് പ്രീയില്‍ അരങ്ങുതകര്‍ത്തത്. ബ്രട്ടീഷ് ഡ്രൈവറായ ജെന്‍സണ്‍ ബട്ടനും ബ്രസീലിയന്‍ തേരാളി റൂബന്‍സ് ബാരിച്ചെല്ലോയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനീഷ് ചെയ്താണ് ബ്രൌണിന്‍റെ വിജയക്കുതിപ്പിന് തുടക്കം കുറിച്ചത്.

ടൊയോട്ടയുടെ ഇറ്റലിക്കാരന്‍ ഡ്രൈവര്‍ ജാര്‍നോ ട്രൂളിയാ‍ണ് മൂന്നാം സ്ഥാനത്തെത്തിയത്. 1954ലെ ഫ്രഞ്ച് റെയ്സിന് ശേഷം ആദ്യമായിട്ടാണ് ഒരു അരങ്ങേറ്റ ടീം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനീഷ് ചെയ്യുന്നത്. ജുവാന്‍ മാന്വല്‍ ഫാങ്യോയും കാള്‍ ക്ലിങുമായിരുന്നു അന്ന് വിജയിച്ചത്.

ബട്ടന്‍ ഒന്നാമതും ബാരിച്ചെല്ലോ രണ്ടാമതുമാണ് ഫിനീഷ് ചെയ്തത്. ഫോര്‍മുല ഗ്രാന്‍ഡ്പ്രീയില്‍ വിജയിക്കുന്ന ഇരുന്നൂറാമത്തെ ബ്രട്ടീഷ് ഡ്രൈവറാണ് ഇരുപത്തിയൊമ്പതുകാരനായ ജെന്‍സണ്‍ ബട്ടന്‍. 154 റെയ്സുകളില്‍ പങ്കെടുത്തിട്ടുള്ള ബട്ടന്‍റെ രണ്ടാം ഗ്രാന്‍ഡ്പ്രീ വിജയമാണിത്.

റോസ് ബ്രൌണിന്‍റെതാണ് ബ്രൌണ്‍ ജിപി എന്ന ടീം. 1964 മുതല്‍ ഫോര്‍മുല ട്രാക്കുകളില്‍ സജീവ സാ‍ന്നിധ്യമായിരുന്ന ഹോണ്ട സാമ്പത്തികമാന്ദ്യത്തില്‍ പെട്ടതിനെ തുടര്‍ന്ന് റോസ്ബ്രൌണ്‍ ഏറ്റെടുക്കുകയായിരുന്നു.

മക്‍ലാറന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ് നാലാം സ്ഥാനത്താണ് ഫിനീഷ് ചെയ്യാനായത്. പതിനേഴ് ഗ്രാന്‍ഡ് പ്രീകളാണ് ഉള്ളത്. അടുത്താ‍ഴ്ച്ച മലേഷ്യയിലാണ് രണ്ടാം ഗ്രാന്‍ഡ് പ്രീ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :