ഇന്ത്യയുടെ മലയാളി ബാഡ്മിന്‍റണ്‍ താരം വി ദിജു ഈ വര്‍ഷം മിക്സഡ് ഡബിള്‍സില്‍ പുതിയ പങ്കാളിയുമൊത്ത് കളത്തിലിറങ്ങും. ഭാവിയില്‍ വീണ്ടും ജ്വാലയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ജ്വാലയുമായി ഇപ്പോഴും അടുത്ത ബന്ധമാണുള്ളതെന്നും ദിജു.
മിക്സ്ഡ്സിലെ സഹതാരം ജ്വാല ഗുട്ട ഒളിംപിക്സിനു ശേഷം മത്സരങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ്. മാര്‍ച്ചോടെ തിരിച്ചെത്താന്‍ ജ്വാല തീരുമാനിച്ചിട്ടുണ്ടെങ്കിലും ഡബിള്‍സില്‍ മാത്രമായിരിക്കും തത്കാലം ശ്രദ്ധിക്കുക എന്ന് വ്യക്തമാക്കിയിരുന്നു.
മിക്സഡ് ഡബിള്‍സ് റാങ്കിങ്ങില്‍ ലോക ഇരുപത്തിയേഴാം നമ്പറായിരുന്നു ദിജു-ജ്വാല സഖ്യം. പുതിയ പങ്കാളിയെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി ഇന്തോനേഷ്യന്‍ താരങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ദിജു വ്യക്തമാക്കിയിരുന്നു.
ജ്വാലയുമൊത്ത് മിക്സഡ് ഡബിള്‍സ് കളിച്ചു തുടങ്ങിയ ശേഷം ദിജു അന്താരാഷ്ട്ര വേദികളില്‍ ഡബിള്‍സ് മത്സരങ്ങള്‍ക്കിറങ്ങിയിരുന്നില്ല. ഇപ്പോള്‍ ജ്വാല മിക്സഡ് ഡബിള്‍സ് വേണ്ടെന്നു വയ്ക്കാനാണു തീരുമാനിക്കുന്നതെങ്കില്‍ തനിക്കതില്‍ പ്രശ്നമില്ല. ഇപ്പോള്‍ ഡബിള്‍സില്‍ ആല്‍വിന്‍ ഫ്രാന്‍സിസിനൊപ്പമായിരിക്കും കളിക്കുക.
മിക്സഡ് ഡബിള്‍സിന് ഇന്തോനേഷ്യന്‍ പങ്കാളിയെ കണ്ടെത്തിയാല്‍ ദൂരം പരിശീലനത്തിനു തടസമാകില്ലെന്ന് ദിജു ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇവിടെയോ ഇന്തോനേഷ്യയിലോ പരിശീലനം നടത്താം. പരിചയസമ്പത്തുള്ള കളിക്കാര്‍ക്ക് അതു കൈകാര്യം ചെയ്യാന്‍ സാധിക്കും.