യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം സെമിയിലെ ആദ്യപാദ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണയെ ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ദിദിയന്‍ ദ്രോഗ്ബയാണ് ചെല്‍സിക്ക് വേണ്ടി ഗോള്‍ വലയിലാക്കിയത്.
ഈ വിജയത്തോടെ രണ്ടാംപാദ മത്സരത്തില്‍ ചെല്‍സിയ്ക്ക് വ്യക്തമായ മുന്‍തൂക്കമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണെങ്കിലും എഫ്എ കപ്പില്‍ ചെല്‍സി ഫൈനലിലേക്ക് മുന്നേറിയിരുന്നു.
മത്സരത്തില്‍ ബാഴ്സയ്ക്കായിരുന്നു മുന്‍തൂക്കമെങ്കിലും ബാഴ്സയുടെ ആക്രമണങ്ങള്‍ പീറ്റര്‍ ചെക്കിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ബാറിനു കീഴില്‍ ചെക്ക് പുറത്തെടുത്ത അസാമാന്യ പ്രകടനമാണ് ബാഴ്സയെ ഗോളില്‍ നിന്നകറ്റിയത്. ചെല്‍സിയ്ക്കായി മധ്യനിരയില്‍ ഫ്രാങ്ക് ലമ്പാര്‍ഡ് മികച്ച പ്രകടനം നടത്തി.