ഈ വര്‍ഷം അവസാനം നടക്കുന്ന കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളില്‍ മെഡലുകള്‍ നേടുക എന്നതാണ് ഇനി തന്‍റെ ലക്‍ഷ്യമെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ. പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കുമായുള്ള വിവാഹ ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സാനിയ.
ഇന്ത്യയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടാനാവുക എന്നത് പ്രത്യേക അനുഭവമായിരിക്കുമെന്നും സാനിയ പറഞ്ഞു. റാങ്കിംഗിനെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ സാനിയ പരുക്കുകളില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും പറഞ്ഞു. വിവാഹശേഷം ദുബായില്‍ സ്ഥിരതാമസമാക്കുന്നത് എന്‍റെ കരിയറിനെ ഒരു തരത്തിലും ബാധിക്കില്ല. ദുബായ് അത്ര ദൂരത്തൊന്നുമല്ല. ഡല്‍ഹിയില്‍ താമസിക്കുന്നതു പോലെയാണ് ദുബായില്‍ താമസിക്കുന്നതും. ഹൈദരാബാദില്‍ നിന്ന് വെറും മൂന്നു മണിക്കൂര്‍ യാത്രയേ ഉള്ളു ദുബായിലേക്ക്.
എവിടെയാണെങ്കിലും പരിശീലനം മുടങ്ങാതിരുന്നാല്‍ മതി. വിവാഹ ശേഷം എനിക്കും ഷൊയൈബിനും ഒരുപാട് സമയം ഒരുമിച്ച് താമസിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ രണ്ട് പേര്‍ക്കും കരിയര്‍ പ്രധാനമാണ്. കഴിഞ്ഞ വര്‍ഷത്തില്‍ 35 ആഴ്ചയും ടൂര്‍ണമെന്‍റുകളുടെ ഭാഗമായി ഞാന്‍ യാത്രയിലായിരുന്നു. ഷൊയൈബും ഇതുപോലെ തിരക്കിലായിരിക്കും. ഇതെല്ലം ജീവിതത്തിന്‍റെ ഭാഗമാണ്. വിവാഹ ജീവിതത്തില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്നും സാനിയ പറഞ്ഞു.
തങ്ങളുടെ വിവാഹവും ഇന്ത്യ-പാക് രാഷ്ട്രീയവും തമ്മില്‍ കൂട്ടികുഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഷൊയൈബ് മാലിക് പറഞ്ഞു. ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹം മാത്രമായി കണ്ടാല്‍ മതി. വിവാഹത്തിനു മുന്‍പുണ്ടായ വിവാദങ്ങള്‍ അനാവശ്യമായിരുന്നു. ഇത് എന്നെ ഏറെ വേദനിപ്പിച്ചു. ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ അഞ്ഞൂറോളം മാധ്യമപ്രവര്‍ത്തകരാണ് ഞങ്ങളെ കാത്തു നിന്നിരുന്നത്. സെലിബ്രിറ്റികള്‍ എന്ന നിലയില്‍ ഇതെല്ലാം ഞങ്ങള്‍ അംഗീകരിച്ചേ മതിയാവൂ എന്നറിയാം. എങ്കിലും ഇതെല്ലാം ഒരല്‍പ്പം കടന്നുപോയില്ലേ എന്ന് തോന്നിയിട്ടുണ്ടെന്നും ഷൊയൈബ് പറഞ്ഞു. പാസ്പോര്‍ട്ട് തിരികെ ലഭിച്ചാലുടന്‍ തങ്ങള്‍ പാകിസ്ഥാനിലേക്ക് പോകുമെന്നും ഇരുവരും അറിയിച്ചു.