കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടന മത്സരം സമനിലയില്‍. ആതിഥേയരായ അര്‍ജന്‍റീനയും ബോളീവിയയും തമ്മിലുള്ള മത്സരമാണ് സമനിലയില്‍ പിരിഞ്ഞത്. ആവേശകരമെങ്കിലും ഗോള്‍ വീഴാത്തതിനാല്‍ വിരസത സൃഷ്ടിച്ച ആദ്യ പകുതിയായിരുന്നു ഉദ്ഘാടന മത്സരത്തിലുണ്ടായത്.
കളിയുടെ നാല്‍പ്പത്തേഴാം മിനിറ്റിലാണ് ആദ്യഗോള്‍ പിറന്നത്. ബൊളീവിയയുടെ എഡ്വാള്‍ഡോ റോജസ് ആണ് അര്‍ജന്‍റീനയുടെ വല കുലുക്കിയത്. പേരുകേട്ട അര്‍ജന്‍റീനിയന്‍ പ്രതിരോധനിര തളര്‍ന്ന പ്രകടനം നടത്തിയപ്പോള്‍ റോജസിന് കാര്യം എളുപ്പമായി.
എന്നാല്‍ എഴുപത്തഞ്ചാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേരോ ഗോള്‍ മടക്കി. ഏവരും പ്രതീക്ഷിച്ചിരുന്ന ‘മെസി മാജിക്ക്’ ഇത്തവണയും സംഭവിച്ചില്ല. ഇനി അര്‍ജന്‍റീനയുടെ മത്സരം കൊളംബിയയുമായാണ്. ബൊളീവിയ കോസ്റ്റാറിക്കയെ നേരിടും.