കുവൈറ്റ് വന്നു, പതറി, ഒടുവില്‍ കീഴടങ്ങി

ദോഹ| WEBDUNIA|
PRO
കൊടുങ്കാറ്റുപോലെ കുവൈറ്റ് വന്നു. സ്വയം തട്ടിത്തകര്‍ന്നു. ഒടുവില്‍ ചൈനയുടെ പ്രൊഫഷണലിസത്തിനു മുന്നില്‍ മുട്ടുമടക്കി. ഏഷ്യന്‍ കപ്പ്‌ ഫുട്ബോളില്‍ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് കുവൈറ്റിനെ പരാജയപ്പെടുത്തിയത്.

ലിന്‍പെംഗ്‌ സാംഗ്, ഡെംഗ്‌ ഷുസിയാംഗ് എന്നിവരാണ് ചൈനയ്ക്കു വേണ്ടി കുവൈറ്റിന്‍റെ വല കുലുക്കിയത്. കളിയുടെ അമ്പത്തേഴാം മിനിറ്റിലും അറുപത്തേഴാം മിനിറ്റിലുമായിരുന്നു അത്. എട്ടാം മിനിറ്റില്‍ കുവൈറ്റിന് ഒരു ഗംഭീര അവസരം ലഭിച്ചതാണ്. അവര്‍ക്ക് അത് ഗോളാക്കി മാറ്റാനായില്ല. മസീദ് അല്‍ എനേസി മുപ്പത്താറാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് കളത്തിനുപുറത്ത് പോകേണ്ടി വന്നതോടെ കുവൈറ്റിന് അടിപതറുകയായിരുന്നു. പിന്നീട് അവര്‍ ഫോം വീണ്ടെടുത്തതേയില്ല.

എനേസി പുറത്തായ ശേഷം ഏകദേശം ഒരു മണിക്കൂറോളം 10 പേരുമായാണ് കുവൈറ്റ് കളിച്ചത്. പ്രതിരോധത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും. ചൈനയാകട്ടെ തികച്ചും പ്രൊഫഷണലായ കളിയാണ് പുറത്തെടുത്തത്. കൃത്യമായ ഇടവേളകളില്‍ ആക്രമണം കാഴ്ചവച്ച ചൈന അര്‍ഹതപ്പെട്ട വിജയം നേടുകയും ചെയ്തു.

വെള്ളിയാഴ്ച ആരംഭിച്ച ഏഷ്യന്‍ കപ്പ്‌ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ്‌ എയില്‍ ഉസ്ബെക്കിസ്താനുമായി നടന്ന ഉദ്ഘാടനമല്‍സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ്‌ ആതിഥേയര്‍ പരാജയപ്പെട്ടത്‌.

ഗ്രൂപ്പ് സിയിലാണ് ഇന്ത്യയുള്ളത്. ഈ ഗ്രൂപ്പില്‍ ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ബഹറൈന്‍ എന്നീ രാജ്യങ്ങളാണുള്ളത്. 1984-ന് ശേഷം ഇതാദ്യമായാണ് ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഇന്ത്യ യോഗ്യത നേടുന്നതെന്നത് ശ്രദ്ധേയം. ജനുവരി പത്തിന് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം 6.30-നും പതിനാലിന് ഇന്ത്യ-ബഹറൈന്‍ മത്സരം 9.30-നും പതിനെട്ടിന് ഇന്ത്യ-ദക്ഷിണ കൊറിയ മത്സരം 6.30-നും നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :