രാജ്യത്തെ അത്‌ലറ്റുകളോട് സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ പ്രമുഖ വനിത ബാഡ്മിന്‍റണ്‍ താരമായ സൈന നെഹ്‌വാള്‍ രംഗത്ത്. കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 20 ലക്ഷത്തിന്‍റെ കാഷ് അവാര്‍ഡ് തനിക്ക് ഇതുവരെ കിട്ടിയില്ലെന്ന് സൈന പറഞ്ഞു.
“എനിക്ക് ഇതുവരെ അവാര്‍ഡ് കിട്ടിയിട്ടില്ല. ഇത് തികച്ചും ഖേദകരമാണ്. അര്‍ഹതപ്പെട്ട പണത്തിനായി എനിക്ക് അവരുടെ പിറകെ നടക്കാനാവില്ല” - ഗച്ചിബൌളി സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടെ സൈന പറഞ്ഞു. ഇതിനായി കേസിന്‍റെ വഴിയെ പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ലോക ഒമ്പതാം നമ്പര്‍ താരം പറഞ്ഞു. “ആദ്യമൊക്കെ ഞാന്‍ അധികാരികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അവാര്‍ഡ് നല്‍കാമെന്ന് പറയുന്നതല്ലാതെ എപ്പോഴാണെന്ന് ആര്‍ക്കും പറയാനാവുന്നില്ല”-സൈന പറഞ്ഞു.
ഈ വര്‍ഷം ഓഗസ്റ്റില്‍ ഹൈദരാബാദില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിലാണ് സൈന. ആവേശകരമായ മല്‍സരമായിരിക്കും ചാമ്പ്യന്‍ഷിപ്പിലേതെന്ന് സൈന അഭിപ്രായപ്പെട്ടു. മലേഷ്യയുടെ ച്യു യെന്‍ ഡാഫെനുമായാണ് സൈനയുടെ ആദ്യ മല്‍സരം. അതേസമയം ഇന്ന് തുടങ്ങുന്ന ഇന്ത്യന്‍ ഓപ്പണില്‍ സൈന പങ്കെടുക്കുന്നില്ല.