ഓണാഘോഷത്തിന്റെ ഒരു പ്രധാന ആകര്‍ഷകമായിരുന്നു കയ്യാങ്കളി അഥവാ ഓണത്തല്ല്. മലയാളിയുടെ ആയോധന പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഈ കായികവിനോദം ഓണത്തല്ല്, കൈയാങ്കളി, തല്ല്, ഓണപ്പട എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. കളരി അഭ്യാസ മുറകളുമായി ഓണത്തല്ലിന് നല്ല സാമ്യമുണ്ട്. ചാണകം മെഴുകി പ്രത്യേകം തയ്യാറാക്കിയ നല്ല വീതിയും നീളവുമുള്ള തറയിലാണ് ചിലയിടങ്ങളില്‍ തല്ല് നടക്കുക. 26 അടി വീതിയും 46അടി നീളവും ഉള്ള കളങ്ങളാണ് ഇതിന് ഒരുക്കുന്നത്. തറക്ക് രണ്ടുവശത്തുമായി തല്ലുകാര്‍ അഭിമുഖമായി അണിനിരക്കും. അങ്കത്തട്ടില്‍ ആയുധമില്ലാതെ രണ്ടുപേര്‍ ഉടുത്തുകെട്ടി കച്ചമുറുക്കി പരസ്പരം തല്ലുകയും തടുത്ത് തല്ലുകൊള്ളാതിരിക്കുകയും ചെയ്യുന്നു. ഉടുമുണ്ട് തറ്റുടുത്ത് രണ്ടാംമുണ്ട് അരയില്‍ കെട്ടമുറുക്കിയുമാണ് തല്ലിന് ഇറങ്ങുന്നത്.
ആര്‍പ്പുവിളിയും അട്ടഹാസവും കഴിഞ്ഞ് ഒരാള്‍ ആദ്യം കളത്തിലിറങ്ങും. എതിര്‍ചേരിയിലെ കാഴ്ചയില്‍ തുല്യനായ മറ്റൊരാള്‍ കളരിയിലിറങ്ങിയാല്‍ തല്ല് ആരംഭിക്കും. റഫറിമാരും നിയമങ്ങളുമൊക്കെ ഓണത്തല്ലിനും ഉണ്ടായിരുന്നു. കൈ നിവര്‍ത്തി കൈത്തലം പരത്തി മാത്രമേ അടിയും തടയും പാടുള്ളൂ. കൈചുരുട്ടി ഇടിക്കുക, കാല്‍ വാരുകയോ പിടിക്കുകയോ ചെയ്യുക, ചവിട്ടുക, കെട്ടിപ്പിടിക്കുക എന്നിവ ചെയ്താല്‍ ഫൌളാണ്. കളിക്കളത്തില്‍ നിന്ന് പുറത്താകും.
പാരമ്പര്യത്തിന്റെ ചട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഇന്നും നടത്തപ്പെടുന്ന ഓണത്തല്ല് ഒരുപാട് ആരാധകരുള്ള കായികാഭ്യാസ പ്രകടനമാണ്. ഉഴിച്ചിലും പിഴിച്ചിലും കഴിച്ച് നീണ്ടനാളത്തെ അഭ്യാസം നടത്തിയവര്‍ക്കു മാത്രം പങ്കടുക്കാന്‍ കഴിയുന്ന വിനോദമാണിത്.
കച്ച കെട്ടി, ഉടുമുണ്ട് കുത്തിയുടുത്ത് അതിനു മീതെ മറ്റൊരു മുണ്ട് പിരിച്ചുകെട്ടി തല്ലുകാര്‍ തെക്കേച്ചേരിയായും വടക്കേച്ചേരിയായും തല്ലുകളമെന്നറിയപ്പെടുന്ന മൈതാനത്തിന്റെ തെക്കും വടക്കുമായി അണിനിരക്കുന്നു. തല്ലാനും തല്ലുകൊള്ളാതെ ഒഴിയാനും അഭ്യാസകാലത്തു നന്നായി പഠിച്ചവരല്ലെങ്കില്‍ മരണം തന്നെ സംഭവിച്ചെന്നു വരാം.
നാടുവാഴിയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ തല്ലു നടത്തിയിരുന്നുള്ളൂ. അദ്ദേഹം മൈതാന മധ്യത്തു പീഠത്തില്‍ എല്ലാ പ്രൌഡിയോടെയും ഇരിക്കും. രണ്ടു സേവകര്‍ വടിയുമായി അടുത്തു നില്‍ക്കും. തല്ലു മര്യാദകളും നിയമങ്ങളും വിളിച്ചു ചൊല്ലിയ ശേഷം ഇരുഭാഗത്തെയും പ്രമുഖന്മാര്‍ നല്‍കിയ താംബൂലം സ്വീകരിച്ചു കളത്തില്‍ ചുറ്റി നടന്ന് ചേരി ഒരുക്കും.
വടക്കേ ചേരിക്കാര്‍ കളത്തിലെ തങ്ങളുടെ തങ്ങളുടെ പകുതിയില്‍ ഓടിയടുത്ത് പലതരം മെയ് വഴക്ക അഭ്യാസങ്ങള്‍ കാട്ടി തിരിച്ചു പോകും. അടുത്തത് തെക്കേ ചേരിക്കാരുടെ ഊഴമാണ്. ഈ ചേരിക്കളി കഴിഞ്ഞാല്‍ ഇരു ചേരിയില്‍ നിന്നും ഓരോ അഭ്യാസിമാര്‍ ഇറങ്ങി വന്ന് , കൈകൊടുത്ത് അഭിവാദ്യം ചെയ്തു തല്ലു തുടങ്ങുന്നു. കാണികളുടെ പ്രോത്സാഹനവും ആര്‍പ്പുവിളകളും തല്ലുകാര്‍ക്ക് പ്രചോദനംനല്‍കുന്നതോടെ തല്ല് മുറുകും
തുടര്‍ന്ന് ഇരു ഭാഗത്തു നിന്നും കൂടുതല്‍ തല്ലുകാര്‍ രംഗത്തെത്തുന്നു. തല്ലുക, ഒഴിയുക, മറുതല്ലു കൊടുക്കുക എന്നിങ്ങനെ കുറെ സമയത്തിനു ശേഷം പ്രധാനതല്ലുകാര്‍ രംഗത്തെത്തുകയായി.സന്ധ്യ വരെ ആവേശപൂര്‍വം തല്ലു തുടരും. പിന്നീട് ആ വര്‍ഷത്തെ തല്ലവസാനിച്ചതായി നാടുവാഴി പ്രഖ്യാപിക്കുന്നു. പങ്കെടുത്തവര്‍ക്ക് അദ്ദേഹം അവസ്ഥയ്ക്കനുസരിച്ച് സമ്മാനങ്ങള്‍ നല്‍കുന്നു. തല്ലില്‍ എതിര്‍ ചേരിയിലുണ്ടായിരുന്നവരോട് പക പുലര്‍ത്തരുതെന്നാണ് നിയമം. ചിലപ്പോള്‍ തനി കൈയ്യങ്കളിയായും ഇത് മാറിയിട്ടുണ്ട്.
വള്ളുവനാട്ടിലെയും ഏറനാട്ടിലെയും ഓണത്തെ സജീവമാക്കിയിരുന്ന ഓണത്തല്ല് ഒരു ഗ്രാമീണവിനോദംകൂടിയാണ്. ഗ്രാമത്തിലെ ഈ വിനോദം ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നു. നാട്ടുരാജ്യങ്ങളുടെ ക്രമസമധാനചുമതലക്കാരായി ഇത്തരം ഓണത്തല്ല് വിദഗ്ധരെ നിയോഗിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു.