ഒരു നാള്‍ റോണോ തിരിച്ചുവരും

ലണ്ടന്‍| WEBDUNIA|
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് റയല്‍ മാഡ്രിഡിലേക്ക് പോയ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഒരു നാള്‍ മാഞ്ചസ്റ്ററില്‍ തന്നെ തിരിച്ചെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മാഞ്ചസ്റ്റര്‍ പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗൂസന്‍. മാഞ്ച്സറ്ററിലേക്ക് തിരിച്ചെത്താന്‍ റോണോയ്ക്ക് കരിയറില്‍ ഒരുപാട് സമയം ബാക്കിയുണ്ടെന്നും ‘മിറര്‍’ പത്രത്തിലെഴുതിയ കോളത്തില്‍ ഫെര്‍ഗി പറഞ്ഞു.

റോണൊ തിരിച്ചുവരും. ചിലപ്പോള്‍ അങ്ങിനെ സംഭവിക്കില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. അദ്ദേഹം യുണൈറ്റഡിനെ അത്രമാത്രം സ്നേഹിച്ചിരുന്നു. യുണൈറ്റഡിലുണ്ടായിരുന്ന ആറ് വര്‍ഷക്കാലത്ത് അദ്ദേഹം ഒരിക്കല്‍ പോലും പരിശീലനം മുടക്കിയിരുന്നില്ല. മറ്റ് കളിക്കാരില്‍ നിന്നും റോണോയെ വ്യത്യസ്തനാക്കുന്നതും ഇത് തന്നെയാണ്. റോണോയ്ക്ക് ഒരിക്കല്‍ പോലും പരുക്ക് പറ്റിയിട്ടില്ല. എപ്പോഴും കളിച്ചു കൊണ്ടേ ഇരുന്നു. ലയണല്‍ മെസ്സിയേക്കാളും കക്കയേക്കാളും എത്രയോ ഉയര്‍ന്ന കളിക്കാരനാണ് റോണോ.

24 വയസ് മാത്രമുള്ള റോണോയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളു. കരിയറില്‍ ശരിയായ സമയത്ത് ശരിയായ ക്ലബ്ബില്‍ തന്നെയായിരുന്നു അദ്ദേഹം എത്തിയത്. അദ്ദേഹം പോവാനുള്ള സന്നദ്ധത വ്യക്തമായി പ്രകടിപ്പിച്ചു. റോണോയുടെ നഷ്ടം എളുപ്പം നികത്താനാവില്ല. ഇത് ശരിക്കുമൊരു വെല്ലുവിളി തന്നെയാണ്. ഇത് മറി കടന്നേ പറ്റൂ. റോണൊയുടെ അഭാവത്തില്‍ യുണൈറ്റഡ് വ്യത്യസ്തമായി പന്ത് തട്ടേണ്ടിയിരിക്കുന്നുവെന്നും ഫെര്‍ഗി എഴുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :