കൊച്ചി|
WEBDUNIA|
Last Modified വെള്ളി, 14 ഡിസംബര്‍ 2007 (10:46 IST)
മഹാത്മാഗാന്ധി സര്‍വ്വകലാശാല അത്‌ലറ്റിക് മീറ്റില്‍ രണ്ടാം ദിവസം പാലാ അല്‍ഫോണ്‍സാ കോളേജും കോതമംഗലം എം.എ കോളേജും മുന്നിലെത്തി.
വനിതാ വിഭാഗത്തില്‍ 35 പോയിന്‍റുമായി പാല അല്‍ഫോണ്‍സാ കോളേജ് മുന്നിലെത്തിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ കോതമംഗലം എം.എ കോളേജ് 40 പോയിന്‍റുമായാണ് മുന്നിലെത്തിയത്.
ചങ്ങനാശേരി അസംഷന്‍ കോളേജിലെ സൂസന്‍ കെ.ജോയി മീറ്റിലെ ഏറ്റവും വേഗമേറിയ താരമായതിനൊപ്പം ലോംഗ് ജമ്പില്‍ റിക്കോഡും കൈവരിച്ചു.
ആദ്യ മൂന്നു സ്ഥാനങ്ങളില്‍ വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസമ്പ്ഷന്‍ കോളജ് (31 പോയിന്‍റ്), കോതമംഗലം എം.എ കോളജ് (18 പോയിന്‍റ്), പുരുഷ വിഭാഗത്തില്‍ പാലാ സെന്റ് തോമസ് കോളജ് (28 പോയിന്‍റ്), ചങ്ങനാശേരി എസ്.ബി കോളജ് (13 പോയിന്‍റ് ) എന്നിങ്ങനെയാണ്.
മീറ്റിന്‍റെ രണ്ടാം ദിവസം എറണാകുളം മഹാരാജാസ് കോളജിലെ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന മീറ്റിന്റെ രണ്ടാം ദിനത്തില്‍ പിറന്നത് നാലു റിക്കാര്‍ഡുകളാണ്.
ലോംഗ്ജംപില്‍ 6.09 മീറ്റര്‍ ദൂരം താണ്ടിയ സൂസന്‍ മറികടന്നത് ചങ്ങനാശേരി അസംപ്‌ഷന്‍ കോളജിലെ തന്നെ ജിബിമോള്‍ ഏബ്രഹാം 1995 ല്‍ സ്ഥാപിച്ച 5.96 മീറ്ററിന്‍റെ റിക്കാര്‍ഡാണ്. 1979 ല്‍ മേഴ്‌സി കുട്ടന്‍ അന്തര്‍ സര്‍വകലാശാല മീറ്റില്‍ സ്ഥാപിച്ച റിക്കാര്‍ഡിനെ മറികടക്കുന്ന പ്രകടനമാണ് സൂസന്‍ കാഴ്ചവച്ചത്.
അതേ സമയം പുരുഷവിഭാഗം 100 മീറ്ററില്‍ 10.9 സെക്കന്‍റില്‍ ഒന്നാമതെത്തി കോതമംഗലം എം.എ കോളജിലെ ദിപിന്‍ എല്‍ ദോസ് മീറ്റിലെ വേഗമേറിയ താരമായി.
1500 മീറ്ററില്‍ സി.ജെ ജോമറ്റ് (3:59.11), അയ്യായിരം മീറ്ററില്‍ ടി. മുഹമ്മദ് അലി (15:11.1) ലോംഗ്ജംപില്‍ അനൂപ് തോമസ് (7.18 മീറ്റര്‍) എന്നിവരും കോതമംഗലം എം.എ കോളജിനായി സ്വര്‍ണം നേടി.