മഡ്രിഡ്|
VISHNU N L|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (10:31 IST)
സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പുതിയ സീസണിലെ ആദ്യ എവേ മൽസരത്തിൽ റയലിനു ഗോൾരഹിത സമനിലയോടെ തുടക്കം. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗരെത് ബെയ്‌ലും കളം നിറഞ്ഞ റയൽ ആക്രമണനിരയെ സമചിത്തതയോടെ നേരിട്ട സ്പോർടിങ് ജൈജോൺ അവരുടെ പടയോട്ടത്തിനെ പിടിച്ചുകെട്ടി. ഈ സീസണിൽ ലാ ലിഗയിലേക്കു സ്ഥാനക്കയറ്റം കിട്ടിയെത്തിയ ടീമായ സ്പോർടിങ് ജൈജോണ്‍ നേടിയത് വിജയത്തോളം വിലയുള്ള സമനിലയാണ്.
അതേസമയം, എട്ടുവർഷത്തിനിടെ ആറാമത്തെ ലീഗ് കിരീടം മനസ്സിലുള്ള, റയലിന്റെ എതിരാളികളായ ബാർസിലോന ജയത്തോടെ തുടങ്ങി. അത്‍ലറ്റിക്ക് ബിൽബാവോയുടെ ഗ്രൗണ്ടിൽ യുറഗ്വായ് സ്ട്രൈക്കർ ലുയി സുവാരസിന്റെ ഗോളിലായിരുന്നു ബാർസയുടെ വിജയം. ബാർസിലോന അധികം വിയർപ്പൊഴുക്കാതെയാണു വിജയം സ്വന്തമാക്കിയത്. 54–ാം മിനിറ്റിൽ സുവാരസിന്റെ അതിമനോഹര വോളി ലക്ഷ്യം കണ്ടു.
അതേസമയം, ബാർസ താരങ്ങളായ സെർജിയോ ബുസ്കിറ്റസിനും ഡാനി ആൽവസിനും പരുക്കേറ്റതു തുടർമൽസരങ്ങളിൽ തിരിച്ചടിയാവാനും സാധ്യതയുണ്ട്. മറ്റു കളികളിൽ, റയൽ ബെറ്റിസും വിയ്യാറയലും സമനിലയിൽ (1–1) പിരിഞ്ഞു. ലെവാന്തയെ എവേ മൽസരത്തിൽ ഗെറ്റാഫെ 2–1നു തോൽപിച്ചു.