ഷൂട്ടിങ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ താരം മനു ഭാക്കർക്ക് സ്വർണം

അഭിറാം മനോഹർ| Last Modified വ്യാഴം, 21 നവം‌ബര്‍ 2019 (12:25 IST)
ഷൂട്ടിങ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ താരം മനു ഭാക്കറിന് സ്വർണനേട്ടം. വനിതകളുടെ പത്ത് മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് ഇന്ത്യൻ താരം നേട്ടം സ്വന്തമാക്കിയത്. ചൈനയിലെ പുടിയനിൽ നടക്കുന്ന ലോകകപ്പ് ഷൂട്ടിങ് മത്സരത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം കൂടിയാണിത്. മത്സരത്തിൽ 244.7പോയിന്റുകൾ സ്വന്തമാക്കിയ താരം ജൂനിയർ ലോകകപ്പ് റെക്കോഡും മത്സരത്തിൽ മറികടന്നു.

ഇതോടെ ലോകകപ്പ് ഷൂട്ടിങ് മത്സരങ്ങളിൽ സ്വർണനേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത എന്ന നേട്ടവും സ്വന്തമാക്കി. ഹീന സിദ്ധുവാണ് ആദ്യമായി സ്വർണം നേടിയ വനിതാ താരം.

മറ്റൊരു ഇന്ത്യൻ താരമായ യശസ്വിനി ദേശ് വാളും ഇതേ ഇനത്തിൽ പങ്കെടുത്തിരുന്നെങ്കിലും ഫൈനലിൽ ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. അതേ സമയം പുരുഷന്മാരുടെ 10 മീറ്റർ പിസ്റ്റൾ വിഭഗത്തിൽ ഇന്ത്യൻ താരങ്ങളായ സൗരഭ് ചൗധരിയും അഭിഷേക് വർമയും ഫൈനലിൽ ഇടം നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :